സിനിമ സ്റ്റൈലില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചവര്‍ പോലീസ് പിടിയില്‍
പാലക്കാട്: സിനിമ സ്റ്റൈലില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച മൂന്നു പേര്‍ പോലീസ് പിടിയില്‍. പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് 11 ലക്ഷം രൂപ തട്ടിയെടുക്കാനാണ് ഇവര്‍ ശ്രമിച്ചത്. കവര്‍ച്ച ആസൂത്രണം ചെയ്ത വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് പേരെ മണിക്കൂറുകള്‍ക്കുള്ളില്‍ കോട്ടായി പോലീസ് പിടികൂടി. സംഭവത്തില്‍ പിടിയിലാകാനുണ്ടായിരുന്ന രണ്ടു പേരെ കൂടി ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
വാഹനമോടിച്ച പാലക്കാട് നല്ലേപ്പിള്ളി പാറക്കളം വീട്ടില്‍ സുജിത്ത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടില്‍ അരുണ്‍ (24), എലപ്പുള്ളി രാമശേരി ഈന്തക്കാട് രോഹിത് (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ മാത്തൂര്‍ ആനിക്കോടാണ് കവര്‍ച്ച ഉണ്ടായത്. മേട്ടുപ്പാളയത്തെ ഒരു പച്ചക്കറിക്കടയിലെ കളക്ഷന്‍ ഏജന്റായ നല്ലേപ്പിള്ളി ഒലിവുപാറ താഴത്തേപ്പാടം വീട്ടില്‍ ആര്‍. അരുണും ഡ്രൈവര്‍ സുജിത്തും വിവിധ ഭാഗങ്ങളില്‍ പച്ചക്കറി എത്തിച്ചതിന്റെ പണം വാങ്ങി മടങ്ങുകയായിരുന്നു.
ആനിക്കോടിനടുത്തെത്തിയപ്പോള്‍ രണ്ട് ഇരുചക്രവാഹനത്തിലായി നാലുപേരെത്തി. ഇതില്‍ ഒരു ബൈക്ക് കുറുകെയിട്ട് വാഹനം തടയുകയും മറ്റൊരു ബൈക്കിലുണ്ടായിരുന്നയാള്‍ സുജിത്തിന്റെ കഴുത്തില്‍ കത്തിവെച്ച് പണം ആവശ്യപ്പെടുകയുമായിരുന്നു. കവര്‍ച്ച സംഘം പണം ആവശ്യപ്പെട്ടതോടെ അരുണ്‍ പണം നല്‍കി. തുടര്‍ന്ന് പച്ചക്കറിവ്യാപാരി തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി സതീഷിനെ വിവരമറിയിച്ചു. സതീഷ് കോട്ടായി പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
കളക്ഷന്‍ ഏജന്റ് ആര്‍. അരുണിനെയും സുജിത്തിനെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്. ആദ്യം ഒന്നിച്ചിരുത്തിയും പിന്നീട് വെവ്വേറയും ചോദ്യം ചെയ്തു. ചോദ്യംചെയ്യലില്‍ സുജിത് കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനു മുമ്പും സുജിത്ത് അരുണിന്റെ പക്കല്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.