വിടുതല്‍ ഹര്‍ജി തള്ളി: സര്‍ക്കാരും ശിവന്‍കുട്ടിയും ഊരാക്കുടുക്കില്‍
തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതോടെ മന്ത്രി ശിവന്‍കുട്ടിയും സര്‍ക്കാരും ഊരാക്കുടുക്കില്‍. 2015 മാര്‍ച്ച് 13ന് ധനമന്ത്രി കെ.എം. മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ കൈയാങ്കളി നടത്തിയ പ്രതിപക്ഷം അന്ന് ഫലത്തില്‍ നിയമസഭ തല്ലിത്തകര്‍ക്കുകയായിരുന്നു. സ്പീക്കറുടെ ചേമ്പറില്‍ കയറി കസേരയും കമ്പ്യൂട്ടറുമെല്ലാം നശിപ്പിച്ചു.
ഇതെല്ലാം വിവിധ ടെലിവിഷന്‍ ചാനലുകളിലൂടെ കേരളം മുഴുവന്‍ കണ്ടതാണ്. ഇതെല്ലാം തങ്ങളെ അപമാനിക്കാനായി കെട്ടിച്ചമച്ച രേഖയാണെന്നും കേസ് പിന്‍വലിക്കണമെന്നുമാണ് എല്‍ഡിഎഫ് നേതാക്കളുടെ ആവശ്യം. ഈ ആവശ്യവുമായി വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെ ഇവര്‍ വാദിച്ചു. എന്നാല്‍ എല്ലാ കോടതികളില്‍ നിന്നും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങി വിചാരണ നേരിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, മുന്‍ എംഎല്‍എമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവരാണ് പ്രതികള്‍. അടുത്തമാസം 22ന് മുഴുവന്‍ പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകണം. അന്ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം വായിക്കും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനുശേഷം അധികാരത്തില്‍ വന്ന സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ സിജെഎം കോടതി മുതല്‍ സുപ്രീംകോടതിവരെ കയറിയിറങ്ങി.
കേരള നിയമസഭയുടെ അന്തസ് അടിയറവെച്ച മന്ത്രി ശിവന്‍കുട്ടി അധികാരത്തില്‍ തുടരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ആളെന്ന നിലയിലാണെന്ന്് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ശക്തമാവുകയാണ്. പ്രതിപക്ഷകക്ഷികള്‍ ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടിട്ട് നാളുകളേറെയായി.
എന്നാല്‍ ആരോപണവിധേയനെ പാര്‍ട്ടിയും സര്‍ക്കാരും പരമാവധി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. വിചാരണ കോടതി മുതല്‍ സുപ്രീംകോടതി വരെ തള്ളിയ കേസില്‍ ശിക്ഷ ഉറപ്പാണെന്നിരിക്കെ ധാര്‍മികതയുടെ പേരില്‍ എന്നും സമരമുഖത്ത് പ്രത്യക്ഷപ്പെട്ട സിപിഎമ്മും അനുബന്ധ സംഘടനകളും ഇപ്പോള്‍ വായടച്ചിരിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.