നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി

ന്യൂഡൽഹി; നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി. സെപ്റ്റംബര്‍ പതിമൂന്നിനാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും അധികൃതര്‍ പൂര്‍ത്തിയാക്കിയെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പുനഃപരിശോധനകളും തള്ളിയ കാര്യം കോടതി ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് പതിനേഴിന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. പുതിയതായി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചില ആവശ്യങ്ങളും ഇവര്‍ മുന്നോട്ടുവച്ചു.
കണ്ടെയ്ന്മെന്റ് സോണിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിന് ചില ഗതാഗത തടസവും മറ്റും ഉണ്ടാകുമെന്നും അതിനാല്‍ അഡ്മിറ്റ് കാര്‍ഡിനെ കര്‍ഫ്യൂ പാസായി കണക്കാക്കണമെന്നായിരുന്നു ആവശ്യം. നിലവില്‍ കൊവിഡ് ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ മറ്റൊരു അവസരം കൂടി നല്‍കണമെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ സുപ്രിംകോടതി തയ്യാറായില്ല.