ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം; പമ്പാ സ്റ്റേഷനിലെ പൊലീസ് ഉടൻ കേസ് എടുക്കും

ശബരിമല സ്വർണമോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം ലഭിച്ചു. ഉന്നതതലത്തിൽ നിന്നുള്ള ഈ നിർദേശം ലോക്കൽ പൊലീസിനാണ് ലഭിച്ചത്. ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് പമ്പാ സ്റ്റേഷനിലെ പൊലീസ് ഉടൻ കേസ് എടുക്കുമെന്ന് സൂചനയുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയെയും ദേവസ്വം വക ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസെടുക്കാനാണ് സാധ്യത. എഫ്‌ഐആർ ഉടൻ എസ്‌ഐയ്ക്ക് കൈമാറുമെന്ന് അറിയുന്നു.
സ്വർണമോഷണവുമായി ബന്ധപ്പെട്ട് പമ്പാ പൊലീസ് സ്റ്റേഷനിൽ ആറോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. ചില പരാതികളിൽ പൊലീസിന് മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരാതികൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ സ്വർണം മോഷണം പോയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനം.
ചെന്നൈയിൽ എത്തിച്ചത് പുതിയ ചെമ്പ് പാളിയാണെന്ന നിർണായക വെളിപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയിലാണ് ഇത് വ്യക്തമാക്കിയത്. സ്വർണം പൂശാനായി കൊണ്ടുപോയത് പഴയ പാളിയല്ല, പുതുതായി നിർമ്മിച്ചതാണെന്നും കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നും പങ്കജ് ഭണ്ഡാരി വിജിലൻസിനോട് മൊഴി നൽകി. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പാണ് ഈ നിർണായക മൊഴി രേഖപ്പെടുത്തിയത്.
Tag: Police instructed to register case regarding Sabarimala gold theft; Police at Pampa station will immediately take up the case