അട്ടപ്പാടിയിൽ ആദിവാസി വനിതയെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന സംശയം; പൊലീസ് അന്വേഷണം ശക്തമാക്കി

അട്ടപ്പാടിയിൽ ആദിവാസി വനിതയെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഇലച്ചിവഴി സ്വദേശിനി വള്ളിയമ്മ (45) രണ്ടുമാസമായി കാണാതായിരിക്കുകയാണ്. കൂടെ താമസിച്ചിരുന്ന പഴനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും ഇരുവരും ദീർഘകാലമായി ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.
വള്ളിയമ്മയെ രണ്ടുമാസമായി കാണാനില്ലെന്ന ആരോപണവുമായി, ആദ്യ വിവാഹത്തിലെ മക്കൾ പുത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിൽ വള്ളിയമ്മയും പഴനിയും തമ്മിൽ പലപ്പോഴും തർക്കമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് പഴനി വള്ളിയമ്മയെ കൊലപ്പെടുത്തി കാട്ടിനുള്ളിൽ കുഴിച്ചിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. ചോദ്യം ചെയ്യലിനിടെ പഴനി ഈ വിവരം സമ്മതിച്ചതായും സൂചനയുണ്ട്.
പഴനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പൊലീസ് സംഘം ഇയാളെ കൂട്ടി ഉൾക്കാട്ടിലേക്ക് പോയി മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു. മൃതദേഹം ലഭിച്ചാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്ന് പൊലീസ് വ്യക്തമാക്കി.
Tag: Police intensify investigation into suspected murder and burial of tribal woman in Attappadi