മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് യുവാവിൻറെ കൈകാലുകളിൽ പൊലീസ് ആണിയടിച്ച് കയറ്റി; പരാതിയുമായി മാതാവ്
മാസ്‌ക് ധരിക്കാത്തതിനെ തുടർന്ന് പൊലീസ് യുവാവിന്റെ കൈകാലുകളിൽ ആണിയടിച്ചു കയറ്റിയതായി പരാതി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി 10 മണിയോടെ വീടിന് പുറത്ത് റോഡിൽ നിൽക്കുമ്പോൾ അവിടെയെത്തിയ പൊലീസുകാർ മാസ്‌ക് എവിടെയെന്ന് ചോദിച്ച് മകനെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്ന് അമ്മ പറഞ്ഞു. മൂന്ന് പൊലീസുകാർ വന്ന് തന്റെ മകനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നും, മകനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ മകൻ അവിടെയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അമ്മ പറഞ്ഞു.
മകനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും യുവാവിന്റെ അമ്മ പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് ഏറെ നേരത്തെ തിരച്ചിലിന് ശേഷം കണ്ടെത്തുമ്പോൾ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ കൈകാലുകളിൽ ആണി അടിച്ചു കയറ്റിയ അവസ്ഥയിലായിരുന്നു എന്ന് അമ്മ പറഞ്ഞു. അതേസമയം പൊലീസ് സംഭവം നിഷേധിച്ചു. യുവാവ് നിരവധി കേസുകളിൽ പ്രതിയാണെന്ന് എസ്.പി രോഹിത് സജ്വാൻ പറഞ്ഞു. കേസിൽ നിന്ന് രക്ഷപ്പെടാനാണ് പൊലീസിനെതിരെ ആരോപണമുന്നയിക്കുന്നതെന്നും ആരോപണം തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസ്.പി പറഞ്ഞു.