ജമ്മു വിമാനത്താവള സ്‌ഫോടനത്തിന്റെ നടുക്കം മാറും മുന്‍പേ പുല്‍വാമയില്‍ ഭീകരാക്രമണം, സ്‌പെഷല്‍ പൊലീസ് ഓഫീസറെയും ഭാര്യയെയും വെടിവച്ച് കൊന്നു
ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ പൊലീസ് ഓഫീസറെയും ഭാര്യയെയും ഭീകരര്‍ വെടിവച്ചു കൊന്നു. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് വീരമൃത്യു വരിച്ചത്. ഫയാസിന്റെ മകള്‍ റാഫിയയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം. അവന്തിപ്പുരയിലെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരര്‍ വെടിവെയ്ക്കുകയായിരുന്നു.
വെടിയേറ്റ കുടുംബത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ റാഫിയയെ ശ്രീനഗറിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ ഭീകരര്‍ ആക്രമണത്തിനെത്തിയെന്നാണ് വിവരം.
ഭീകരര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ടെന്ന് സുരക്ഷാ സേന അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ജമ്മുവിലെ വ്യോമതാവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഈ സംഭവം. ആക്രമണത്തില്‍ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് നേരിയ പരുക്കേറ്റിരുന്നു.
ഭീകരരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിനും അതിനായി ഗ്രാമീണരെ ഒപ്പം നിര്‍ത്താനും ഒക്കെയാണ് കശ്മീരില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. രണ്ട് ആക്രമണങ്ങളുണ്ടായത് ശ്രീനഗറിലായിരുന്നു.