keralaKerala NewsLatest News

ആദ്യമായി മുണ്ട് ധരിക്കാനറിയാത്ത വിദ്യാർത്ഥിക്ക് ’നേരംവണ്ണം’ മുണ്ടുടുപ്പിക്കാൻ സഹായിച്ച് പോലീസുകാർ

ആദ്യമായി മുണ്ട് ധരിക്കാനറിയാത്ത വിദ്യാർത്ഥിക്ക് ’നേരംവണ്ണം’ മുണ്ടുടുപ്പിക്കാൻ സഹായിച്ച് പോലീസുകാർ. ഓണാഘോഷത്തിനായി എത്തിയ കോളജ് വിദ്യാർത്ഥിക്ക് മുണ്ട് ചുറ്റിക്കൊടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. പോലീസ് മീഡിയാ സെന്റർ പങ്കുവെച്ച ഈ വീഡിയോയാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് പരിസരത്ത് പട്രോളിംഗിലുണ്ടായിരുന്ന മണ്ണന്തല പോലീസ് സംഘമാണ് സഹായത്തിനെത്തിയത്. മുണ്ട് കൃത്യമായി ധരിക്കാനറിയാതെ ബുദ്ധിമുട്ടിയിരുന്നത് മാർ ഇവാനിയോസ് കോളജിലെ മൂന്നാംവർഷ രസതന്ത്ര വിദ്യാർത്ഥിയായ ആൽവിൻ എബിയായിരുന്നു. ആദ്യമായാണ് മുണ്ട് ധരിക്കുന്നതെന്ന് പറഞ്ഞതോടെ പോലീസ് ഉദ്യോഗസ്ഥർ ഉടൻ രംഗത്ത് എത്തി.

സീനിയർ സിവിൽ പോലീസ് ഓഫീസർ അനൂപിന്റെ നേതൃത്വത്തിൽ മുണ്ട് മടക്കി, കര നേരെയാക്കി കൃത്യമായി ചുറ്റിക്കൊടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. ഗ്രേഡ് എസ്‌ഐ സുരേഷ്‌കുമാറും ഒപ്പം ഉണ്ടായിരുന്നു. ഓണത്തിന് തരംഗമായ ’ഏത് മൂഡ്..’ എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ ആൽവിൻ കൂട്ടുകാർക്കിടയിൽ താരം തന്നെ. ’ഇത്ര പ്രായമായിട്ടും മുണ്ടുടുക്കാനറിയില്ലേ?’ എന്ന ചോദ്യങ്ങളുടെയും കളിയാക്കലിന്റെയും നടുവിലായിരുന്നു അവൻ.

വീഡിയോയ്ക്കു കീഴിൽ കേരള പോലീസിന് അഭിനന്ദനമറിയിച്ച് നിരവധിപേർ രസകരമായ കമന്റുകളുമായി എത്തി. ’ഈ സ്‌നേഹം എപ്പോഴും വേണം കേട്ടോ’, ’പയ്യന്റെ ബെസ്റ്റ് ടൈം വരെ മുണ്ടുടുപ്പിക്കാനുള്ള പോലീസ്, ഇതാണ് ഞങ്ങളുടെ മാമൻമാർ’ എന്നിങ്ങനെ കമന്റുകൾ നിറഞ്ഞു. ’നമ്മൾ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുമ്പോഴും ഇവർ ഡ്യൂട്ടിയിലായിരിക്കും’ – എന്ന അനുഭാവപ്രകടനങ്ങളും നിരവധി പേർ പങ്കുവെച്ചു.

Tag: Police officers help student who didn’t know how to wear a mundu for the first time put it on ‘in time’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button