തെരുവുനായയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കര്‍ണാടകയിലെ ചിക്കനായകനഹള്ളിയില്‍ തെരുവുനായയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയിലാണ് നടപടി.
പരാതി പ്രകാരം, ഒക്ടോബര്‍ 13നാണ് തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിന് സമീപം സംഭവം നടന്നത്. പരാതിക്കാരി സ്ഥിരമായി ഭക്ഷണം നല്‍കിവരുന്ന “മിലി” എന്ന നായയെയാണ് പ്രതികള്‍ അതിക്രമത്തിന് ഇരയാക്കിയത്.
അന്ന് രാത്രി ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഷെഡിനുള്ളില്‍ ചില പുരുഷന്മാര്‍ തെരുവുനായയെ ബലാത്സംഗം ചെയ്യുന്നത് കണ്ടതെന്ന് പരാതിക്കാരി പറയുന്നു. തുടര്‍ന്ന് നായയെ കാണാതാവുകയും, മൂന്ന് ദിവസത്തിനു ശേഷം കണ്ടെത്തിയപ്പോള്‍ ശരീരത്തില്‍, പ്രത്യേകിച്ച് സ്വകാര്യഭാഗത്ത്, പരിക്കുകളുണ്ടായിരുന്നതായും പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബര്‍ 18നാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഏകദേശം 25 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് നായയെ കണ്ടെത്തി. വെറ്ററിനറി വിദഗ്ധരുടെ സഹായത്തോടെ വൈദ്യപരിശോധനയും ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരണവും നടത്തി.
ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ വിശദമായ അന്വേഷണം ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.
Tag: Police register case in gang-rape of stray dog



