മന്ത്രി ജി.സുധാകരനെതിരെയുള്ള പരാതി പിന്‍വലിച്ചുവെന്ന് പൊലിസ്: പച്ചക്കള്ളമെന്ന് പരാതിക്കാരി
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചു മന്ത്രി ജി.സുധാകരനെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചുവെന്ന് പൊലിസ്. എന്നാല്‍ പൊലിസ് കള്ളം പറയുകയാണെന്ന് പരാതിക്കാരി. മാത്രമല്ല, തന്റെ വ്യാജ ഒപ്പിട്ടാണ് പരാതി പിന്‍വലിക്കാന്‍ നീക്കം നടന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എസ്‌ഐയെ സ്വാധീനിച്ചാകാം ഈ നീക്കമെന്നും പരാതിക്കാരിയായ യുവതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നില്ലെന്ന് വിളിച്ച് അറിയിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ ഇതിനെതിരേയാണ് പരാതിക്കാരി രംഗത്തെത്തിയിരിക്കുന്നത്.
പല ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായി. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ഒരുക്കമല്ല. പിന്‍വലിച്ചു എന്ന് പൊലിസ് പറയുന്നത് ശരിയല്ല. പൊലിസ് നടപടി ഉണ്ടായില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. മന്ത്രി സുധാകരന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയും, എസ്.എഫ്.ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് പരാതിക്കാരി.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് പരാതിയിലുള്ളത്. കഴിഞ്ഞ ജനുവരി എട്ടിന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനോട് വിശദീകരണം തേടാന്‍ സി.പി.എം ഇന്നലെ തീരുമാനിച്ചിരുന്നു. അതേ സമയം തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരേ ശക്തമായ പ്രതികരണവുമായി ജി. സുധാകരന്‍ രംഗത്തെത്തി.