കാസർഗോഡ് വിദ്യാർത്ഥിയുടെ കർണ്ണപുടം പൊട്ടിയ സംഭവത്തിൽ ഹെഡ്മാസ്റ്റർ എം. അശോകൻ അവധിയിലെന്ന് പൊലീസ്
കാസർഗോഡ് കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയുടെ കർണ്ണപുടം പൊട്ടിയ സംഭവത്തിൽ ഹെഡ്മാസ്റ്റർ എം. അശോകൻ അവധിയിലെന്ന് പൊലീസ്. ഹെഡ്മാസ്റ്ററുടെ അറസ്റ്റിന് ഉടൻ സാധ്യതയില്ല, വിശദമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ നടപടി സ്വീകരിക്കൂവെന്നാണ് പൊലീസ് നിലപാട്. എന്നാൽ, പാഠപുസ്തക ജോലിയിലാണെന്നും അവധിയല്ല എന്നും എം. അശോകൻ പ്രതികരിച്ചു.
സംഭവത്തെ തുടർന്ന് ബേഡകം പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. മുൻകൂർ ജാമ്യത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്കൂൾ അസംബ്ലിക്കിടെയാണ് സംഭവം നടന്നത്. ഹെഡ്മാസ്റ്റർ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് കൃഷ്ണ കാലുകൊണ്ട് ചരൽ നീക്കി കളിച്ചതാണ് പ്രശ്നത്തിന് കാരണമായത്. ഇതോടെ ഹെഡ്മാസ്റ്റർ കുട്ടിയെ വേദിയിലേക്ക് വിളിച്ചു കൊണ്ടുവരുകയും സഹപാഠികളും അധ്യാപകരും മുന്നിൽവെച്ച് അടിക്കുകയും ചെയ്തു.
അസംബ്ലി കഴിഞ്ഞ ശേഷം കരഞ്ഞുനിന്ന കുട്ടിയെ ആശ്വസിപ്പിക്കാൻ ഹെഡ്മാസ്റ്റർ തന്നെ ശ്രമിച്ചെങ്കിലും, വേദന കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ കർണ്ണപുടം പൊട്ടിയതായി സ്ഥിരീകരിച്ചു.
Tag: Police say Headmaster M. Ashokan is on leave in Kasaragod student’s eardrum rupture incident