നോ ഹലാല്‍ പ്രശ്‌നം തുഷാരയുടെ വ്യാജപ്രചരണമെന്ന് പോലീസ്
കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്ത് നോ ഹലാല്‍ ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് തന്നെ അക്രമിച്ചെന്ന വനിത ഹോട്ടല്‍ സംരംഭക തുഷാര അജിത്തിന്റെ അവകാശവാദം ശരിയല്ലെന്ന് പോലീസ്. റസ്റ്റോറന്റുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ തുഷാര, അജിത്, അപ്പു എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഇന്‍ഫോപാര്‍ക്ക് പോലീസ് അറിയിച്ചു. പ്രതികളെല്ലാം നിലവില്‍ ഒളിവിലാണ്.
കേസ് അന്വേഷണത്തില്‍ തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളും ചേര്‍ന്നു നടത്തിയ സംഘടിത ആക്രമണമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. അജിത് ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇംതിയാസ് കൊലക്കേസിലെ പ്രതിയാണ്. കൂട്ടുപ്രതിയായ അപ്പു നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നു പോലീസ് അറിയിച്ചു.
ഇന്‍ഫോപാര്‍ക്കിനു സമീപം പ്രവര്‍ത്തിക്കുന്ന ചില്‍സേ ഫുഡ് സ്പോട്ട് എന്ന ഫുഡ് കോര്‍ട്ടില്‍ കട നടത്തുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെയാണ് പ്രതികള്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്ക് പറ്റിയ ബിനോജ് ജോര്‍ജ് ശസ്ത്രക്രിയയെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയിലാണ്. ചില്‍സേ ഫുഡ് സ്പോട്ടിനു സമീപത്തെ പാനിപ്പൂരി സ്റ്റാള്‍ പ്രതികളുടെ നേതൃത്വത്തില്‍ നശിപ്പിച്ചതിനെ ചോദ്യം ചെയ്തതാണ് അക്രമ സംഭവങ്ങളിലേക്കു നയിച്ചത്.
തുഷാര തന്റെ കടയുടെ മുമ്പില്‍ നോണ്‍ ഹലാല്‍ ബോര്‍ഡ് സ്ഥാപിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് തുഷാര അജിത് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ രീതിയില്‍ പലേടത്തും വാര്‍ത്തകളും വന്നു. പിന്നീട് പോലീസ് നടത്തിയ വിശദമായ ആന്വേഷണത്തിലാണ് തുഷാരയുടെ വാദം ശരിയല്ലെന്നും അങ്ങോട്ടാണ് ആക്രമിച്ചതെന്നും വ്യക്തമായത്. ഫുഡ് കോര്‍ട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ചു പല സിവില്‍ കേസുകളും നിലവിലുണ്ട്.
തുഷാര എന്ന സ്ത്രീക്കു ഫുഡ് കോര്‍ട്ടിലെ കടയില്‍ ഉടമസ്ഥത ഉണ്ടെന്ന് അവകാശപ്പെട്ടാണ് അക്രമ സംഭവങ്ങള്‍ നടത്തിയതെന്നാണ് പറയുന്നത്. തുഷാരയ്ക്ക് അവകാശമുണ്ടെന്നു പറയപ്പെടുന്ന കടയില്‍ ഇതുവരെ യാതൊരു കച്ചവട സ്ഥാപനങ്ങളും ആരംഭിച്ചിട്ടില്ല. തുഷാരയ്ക്കു മാധ്യമശ്രദ്ധ ലഭിക്കുന്നതിനും കേസിന്റെ സുഗമമായ അന്വേഷണം തടസപ്പെടുത്തുന്നതിനും വേണ്ടി മാത്രമായി ഉണ്ടാക്കിയ നുണക്കഥ മാത്രമാണ് നോ ഹലാല്‍ എന്നും ഇന്‍ഫോപാര്‍ക്ക് പോലീസ് പറയുന്നു.