കിരണിന്‍റെ സഹോദരി ഭര്‍ത്താവിനെ ചോദ്യം ചെയ്യും; പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
കൊല്ലം: വിസ്മയയുടെ മരണത്തില്‍ കൂടുതല്‍ നടപടികളിലേക്ക് അന്വേഷണസംഘം കടക്കുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണിന്‍റെ സഹോദരി ഭര്‍ത്താവിനെ പൊലീസ് ചോദ്യം ചെയ്യും. ജനുവരി രണ്ടിന് കിരണ്‍ വിസ്മയയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതിന് മുന്‍കൈയെടുത്തവരില്‍ ഒരാള്‍ കിരണിന്‍റെ സഹോദരി ഭര്‍ത്തവായിരുന്നു. ഇതുകൂടാതെ വിസ്മയയുടെ കുടുംബം ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുമുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇയാളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
അതേസമയം, വിസ്മയയുടെ പോസ്റ്റ്മാര്‍ട്ടം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്ന് ഡോക്ടര്‍മാരുടേയും ഫോറന്‍സിക് ഡയറക്ടറുടേയും മൊഴികള്‍ അന്വേഷണസംഘം രേഖപ്പെടുത്തി. ശുചിമുറിയുടെ ജനാലയില്‍ കെട്ടിയിരുന്ന ടര്‍ക്കി കഴുത്തില്‍ മുറുക്കിയാണ് വിസ്മയ മരിച്ചത്. ഇത് ആത്മഹത്യയാണോ അതോ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണോ എന്നതാണ് പൊലീസ് സംശയം. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടേയും ഫോറന്‍സിക് വിദഗ്ധേന്റയും മൊഴിയെടുത്തത്.
കഴിഞ്ഞ ദിവസം കിരണ്‍ കുമാറിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന അക്കൗണ്ട് പൊലീസ് സീല്‍ ചെയ്യുകയും ചെയ്തിരുന്നു. വിസ്മയയുടെ കുടുംബം കിരണിന് നല്‍കിയ കാര്‍ തൊണ്ടി മുതലാക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.