പോളിംഗ് ദിവസം തമിഴ്നാട് അതിർത്തി അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ : അതിർത്തിയിൽ കേന്ദ്രസേനയെ നിയോഗിക്കും

കൊച്ചി: പോളിംഗ് ദിവസം തമിഴ്നാട് അതിർത്തി അടയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. അതിർത്തിയിൽ കേന്ദ്രസേനയെ നിയോഗിക്കും. തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവർ തെരഞ്ഞെടുപ്പ് ദിവസം അതിർത്തി കടന്ന് വോട്ട് ചെയ്യാൻ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഉടുമ്പൻചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ നിലപാട് അറിയിച്ചത്.
ഇരട്ടവോട്ട് തടയാൻ അതിർത്തി അടയ്ക്കണമെന്നും സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. കള്ളവോട്ട് തടയാൻ കമ്മീഷന് കർശന നിർദ്ദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
അരൂർ മണ്ഡലത്തിലെ ഇരട്ടവോട്ട് തടയാൻ ബൂത്തുകളിൽ വീഡിയോ ചിത്രീകരണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ സമർപ്പിച്ച ഹർജിയും കോടതി തീർപ്പാക്കി. വീഡിയോ ചിത്രീകരണം പ്രായോഗികമാണോ എന്ന് പരിശോധിക്കണമെന്ന് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു.
ചില ബൂത്തുകളിൽ വീഡിയോ ചിത്രീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു. എന്നാൽ 39 ഓളം ബൂത്തുകളിൽ ഇരട്ടവോട്ടുള്ളവർ ഉണ്ടെന്നും ഇവിടങ്ങളിൽ എല്ലാം വീഡിയോ ചിത്രീകരണം വേണമെന്നുമായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ ആവശ്യം. കമ്മീഷന് കഴിയുന്നില്ലെങ്കിൽ സ്വന്തം ചിലവിൽ ഇക്കാര്യം ചെയ്യാമെന്നും ഷാനിമോൾ ഉസ്മാൻ കോടതിയെ അറിയിച്ചു.