അജ്ഞാതന് സാന്ത്വന സ്പർശവുമായെത്തി പോളി വടക്കൻ.

കൊച്ചി / റോഡരികിൽ ഉറുമ്പരിച്ച് കിടന്ന വയോധികനായ അജ്ഞാതന് സാന്ത്വന സ്പർശവുമായെത്തി തുണയായി മാറിയ പൊതുപ്രവർത്തക ണ് നാട്ടുകാരുടെ ആദരം. ഇക്കഴിഞ്ഞ 21നാണ് രാത്രി എട്ട് മണിയോടെ കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിന്റെ പിൻഭാഗത്തുള്ള കാട് പിടിച്ച പ്രദേശത്ത് അഞ്ജാതനായ ഒരാളെ ഉറുമ്പരിച്ച് കിടക്കുന്ന നിലയിൽ കാണുന്നത്. സ്ഥലത്ത് ജനം തടിച്ചുകൂടിയെങ്കിലും ഉറുമ്പരിച്ച് വായിലൂടെ നുരയും പതയും വന്ന് മൃതപ്രായനായ ആളെ അറപ്പോടെ നോക്കി നിന്നതല്ലാതെ ആരും അയാളെ രക്ഷിക്കാൻ തയ്യാറായില്ല. ഇതിനിടെയാണ് അതു വഴി വന്ന പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം സംവിധായകനും പൊതു പ്രവർത്തകനുമായ പോളി വടക്കനെ ഈ വിവരം അറിയിക്കുന്നത്. മിനിറ്റുകൾക്കകം പോളി സംഭവസ്ഥലത്തെത്തുകയും, അയാൾക്ക് ജീവനുണ്ടെന്നു സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് നടക്കാനിറങ്ങിയ ഡോക്ടർമാരുടെ സഹായത്തോടെ പ്രാഥമീക ശുശ്രൂഷ നൽകി, പോലീസിനെ അറിയിച്ച് അയാളെ ആശുത്രിയിൽ എത്തിക്കുകയുമായിരുന്നു. വളരെ അവശതയിൽ ആയിരുന്ന ആ മനുഷ്യനെ വൈകാതെ ആശുപത്രിയിൽ എത്തിക്കാനായത് മൂലമാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.
അയാൾ ഭക്ഷണം കഴിച്ചിട്ട് അഞ്ച് ദിവസമായെനാണ് ശുശ്രൂഷ നൽകിയ ഡോക്ടർമാർ പറഞ്ഞത്. ചുഴലി രോഗത്തെ തുടർന്നാണ് വായിൽ നിന്നും നുരയും പതയും വന്നിരുന്നത്. മരണത്തോട് മല്ലിട്ടുവന്ന ഇയാൾ ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുകയാണ്. ഇയാളുടെ പേരോ, വീടോ, സ്ഥലമോ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളെ രക്ഷിച്ച പോളിയുടെ സുമനസിന് നാട്ടുകാർ ആദരവ് അറിയിച്ചു. ജിസിഡിഎ എക്സിക്യൂട്ടീവ് എൻജിനീയർ ജയചന്ദ്രൻ മൊമന്റോ നൽകി പോളിവടക്കനെ ആദരിക്കുകയുണ്ടായി.