പൂര്‍ണ്ണിമ മോഹന്‍ വിവാദനായിക;ഫണ്ട് കൈപ്പറ്റിയിട്ടും സംസ്‌കൃത ഭാഷ നിഘണ്ടു പുറത്തു വന്നില്ല.
തിരുവനന്തപുരം: പൂര്‍ണിമ മോഹനെ യോഗ്യതാമാനദണ്ഡങ്ങള്‍ തിരുത്തി മലയാള മഹാനിഘണ്ടു മേധാവി സ്ഥാനത്ത് നിയമിച്ചത് വിവാദമാകുമ്പോഴാണ് മറ്റൊരു ഭാഷാനിഘണ്ടു പദ്ധതിയില്‍ വരുത്തിയ വീഴ്ച്ചകള്‍ പുറത്തു വരുന്നത്. യുജിസി ഫണ്ട് കൈപ്പറ്റിയിട്ടും പൂര്‍ണിമാ മോഹന്‍ സംസ്‌കൃത ഭാഷ നിഘണ്ടു തയ്യാറാക്കിയില്ലെന്ന വിവരമാണ് പുറത്ത് വന്നത് .യുജിസിയുടെ സംസ്‌കൃതഭാഷാ നിഘണ്ടുവിന് 2012ലാണ് തുകയനുവദിച്ച് സര്‍വ്വകലാശാലയ്ക്ക് കൈമാറിയത്. ദ്രാവിഡ ഭാഷയുടേയും ഇന്‍ഡോ യൂറോപ്യന്‍ ഭാഷകളുടെയും മള്‍ട്ടികള്‍ച്ചറല്‍ നിഘണ്ടു തയ്യാറാക്കാനായിരുന്നു ദൗത്യം.ഇതിനായി അനുവദിച്ചത് ഏഴു ലക്ഷത്തി എണ്‍പതിനായിരം രൂപ.
രണ്ട് വര്‍ഷത്തിനുള്ളില്‍ തീര്‍ക്കേണ്ട ദൗത്യം അഞ്ചു വര്‍ഷം പിന്നിട്ടിട്ടും തുടങ്ങുക പോലും ചെയ്തില്ല. സംസ്‌കൃത സര്‍വ്വകലാശാലാ പ്രൊഫസറായിരിക്കെ കൈപ്പറ്റിയ തുക സര്‍വ്വകലാശാല നിരന്തരം ആവശ്യപ്പെട്ട പ്രകാരം തിരിച്ചടച്ചുവെന്നാണ് വിവരം ലഭിക്കുന്നത്. 2017 ലാണ് പണം തിരിച്ചടച്ചത്.അതേസമയം നിഘണ്ടു നിര്‍മ്മാണത്തില്‍ പൂര്‍ണിമാ മോഹന് പ്രാപ്തിയില്ലെന്ന് തെളിഞ്ഞതായി കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് .
ഈ വിഴ്ച്ചകള്‍ കൂടി ഉന്നയിച്ചാണ് നിയമനത്തെ നേരത്തെ ചോദ്യം ചെയത സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി പൂര്‍ണ്ണിമയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാക്കുന്നത്.നിലവില്‍ പുറത്ത് വന്നിരിക്കുന്ന ഈ വിവരം പൂര്‍ണിമാ മോഹനെതിരെയുള്ള ഒരു ആയുധമകാനാണ് സാധ്യത. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ സംസ്‌കൃതം അധ്യാപികയായിരുന്നു പൂര്‍ണിമാ മോഹന്‍.സര്‍വ്വകലാശാല ഓര്‍ഡിനന്‍സ് അനുസരിച്ച് മലയാളത്തിലെ മഹാനിഘണ്ടു എഡിറ്റര്‍ക്ക് വേണ്ട യോഗ്യത മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ്.
ഈ ഓര്‍ഡിനന്‍സ് തിരുത്തി, സംസ്‌കൃത ഭാഷയില്‍ ഗവേഷണബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന ഉത്തരവിറക്കിയത് അന്നത്തെ രജിസ്ട്രാറായാ ഡോ. സി.ആര്‍. പ്രസാദാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്ന പരസ്യം പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചോ എന്ന ചോദ്യത്തിന് സര്‍വ്വകലാശാല കൃത്യമായ ഉത്തരം നല്‍കുന്നില്ല.ഡോ. പൂര്‍ണിമ മോഹന്‍ മാത്രമാണ് ഈ ജോലിക്ക് അപേക്ഷിച്ചിരുന്നതെന്നും സംശയം ബലപ്പെടുത്തുന്നു.മാത്രമല്ല ഈ പദവിയില്‍ ഇരുന്നിരുന്ന മലയാളം പ്രൊഫസറെ ചുമതലയില്‍ നിന്നും നീക്കം ചെയ്തതിന് ശേഷമാണ് വിവാദ നിയമനം ഉണ്ടായിരിക്കുന്നത്.അതേസമയം മറ്റൊരു ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിക്ക് എങ്ങിനെയാണ് മുതിര്‍ന്ന മലയാളം പ്രൊഫസറെ ഒഴിവാക്കിയ ശേഷം ആ പദവിയില്‍ നിയമനം നല്‍കിയതെന്നാണ് നിലവില്‍ ഉയരുന്ന ചോദ്യം