കോഴിക്കോട് പയ്യോളി സ്വദേശിനി അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയ ഒരു കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി.

കണ്ണൂർ/ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കോഴിക്കോട് പയ്യോളി സ്വദേശിനി അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തി കൊണ്ട് വന്ന ഒരു കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച രാവിലെ 6.30 ന് ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ സ്ത്രീയെ ചെക്കിംഗ് പരിശോധനക്കിടയിൽ സംശയം തോന്നിയതോടെയാണ് കൂടുതൽ പരിശോധന നടത്തുന്നത്. ഇവരുടെ അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണമുണ്ടായിരുന്നത്.
ദുബായിൽ നിന്ന് ഗോ എയർ വിമാനത്തിലെത്തിയ കടവത്തൂർ സ്വദേശി മീത്തലെ കുന്നത്ത് ഇസ്മായിൽ, കാസർഗോഡ് നാറമ്പടി സ്വദേശി ജാവദ് യൂസഫ് എന്നിവരിൽ നിന്നായി രണ്ടു കിലോ 288 ഗ്രാം സ്വർണവും,ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ തമിഴ്നാട് സ്വദേശി അബ്ദുൾ ഗഫൂർ ഗുലാമി മൊഹിദ്ദീനി (53) ൽ നിന്ന് 158 ഗ്രാം സ്വർണവും കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റംസ് പിടികൂടിയിരുന്നതാണ്. കസ്റ്റംസ് അസി.കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, യദു കൃഷ്ണ, കെ.വി.രാജു, സന്ദീപ് കുമാർ, സോനിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.