ഇന്ത്യയില്‍ ജനസംഖ്യ വളര്‍ച്ച കുറയുന്നു
ന്യൂഡല്‍ഹി: നിര്‍ബന്ധിത കുടുംബാസൂത്രണ രീതികള്‍ ഒന്നും നടപ്പിലാക്കാതെ തന്നെ ഇന്ത്യയില്‍ ജനസംഖ്യ വളര്‍ച്ച മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്. അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ചൈനയെപ്പോലെ നിര്‍ബന്ധിത കുടുംബാസൂത്രണ രീതികള്‍ ഒന്നുമില്ലാതെയാണ് രാജ്യത്ത് ജനസംഖ്യ വര്‍ധനയില്‍ ഇടിവ് വന്നിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ മൊത്തം പ്രത്യുത്പാദന നിരക്ക് 2.0 ആയി കുറഞ്ഞു അതായത് രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞു. നഗരപ്രദേശങ്ങളില്‍ ഇത് ഇതിലും കുറവാണ്. അതേസമയം 2015ല്‍ ഇത് 2.2 ആയിരുന്നു. പട്ടിണി കുറയുന്നതും കുടുംബാരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുന്നതും എല്ലാം ഇതിന്റെ കാരണങ്ങളായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ആളുകള്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതും ഇതിന് കാരണമായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ആളുകളുടെ സാമൂഹിക- സാമ്പത്തിക അവസ്ഥയിലെ പുരോഗതി, സ്ത്രീകളുടെ ഉയര്‍ന്ന വിവാഹപ്രായം, നഗരവത്കരണം എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങളെന്ന് വിദഗ്ധര്‍ പറയുന്നു. നഗരങ്ങളിലെ സ്ത്രീകള്‍ അധികം കുട്ടികളെ ആഗ്രഹിക്കുന്നില്ലെന്നത് നഗരങ്ങളിലെ പ്രത്യുത്പാദന നിരക്ക് കുറച്ചു.
ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളായ ബീഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും ഉയര്‍ന്ന ജനനനിരക്ക് കാണിക്കുന്നുണ്ട്. എങ്കിലും അവയും പുരോഗതി കൈവരിക്കുന്നതായി പൊതുജനാരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2027 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രവചിച്ചിരുന്നു. എന്നാല്‍ പ്രത്യുത്പാദന നിരക്ക് കുറയുന്നത് തുടരുകയാണെങ്കില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറുന്നത് വൈകും.