കോവിഡ് വ്യാപനത്തിൽ തപാൽ ജീവനക്കാരുടെ സുരക്ഷയ്ക്ക് ഇടപെടൽ ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയോട് തപാൽ ജീവനക്കാർ.

കോവിഡ് വ്യാപനത്തിനിടെയും ജോലിക്കെത്തേണ്ടി വരുന്ന തപാൽ ജീവനക്കാരുടെ സുരക്ഷയ്ക്ക് ഇടപെടൽ ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയോട് തപാൽ ജീവനക്കാർ. പോസ്റ്റൽ ജീവനക്കാരുടെ സംഘടനയായ എഐജിഡിഎസ്യു കേരള സർക്കിൾ കമ്മിറ്റിയാണ് മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ നിവേദനം നൽകിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇളവുകളും നിയന്ത്രണങ്ങളും ഉണ്ടെങ്കിലും തപാൽ വകുപ്പിലുള്ളവർ എല്ലാ ദിവസവും ജോലിക്ക് ഹാജരാകേണ്ട സ്ഥിതിയാണ്. സുരക്ഷാ സൗകര്യങ്ങൾ പോലും ഒരുക്കാത്ത സാഹചര്യത്തിൽ, പുതിയ ടാർജറ്റുകളും അധിക ജോലികളും ഏൽപിക്കുന്ന സാഹചര്യമാണുള്ളത്. കണ്ടെയ്ൻമെന്റ് സോണുകളാക്കുന്ന ക്ലസ്റ്ററുകളിലെങ്കിലും ജോലിക്കാർക്ക് ലീവ് ലഭ്യമാക്കുന്നതിനും മറ്റു പ്രദേശങ്ങളിൽ സുരക്ഷാ സംവിധാനം ലഭ്യമാക്കണം എന്നാണു തപാൽ ജീവനക്കാർ ആവശ്യപ്പെടുന്നത്.
ജനങ്ങൾ രോഗഭീതിയിൽ കഴിയുമ്പോഴും ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിൽ (ഐപിപിബി) ആളെ ചേർക്കുന്നതിന് മേളകൾ സംഘടിപ്പിക്കണമെന്നാണ് ഒരു നിർദേശിച്ചിട്ടുള്ളത്. വകുപ്പിന്റെ സേവിങ്സ് ബാങ്ക് സേവനങ്ങൾ അവഗണിച്ചാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത് എന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് ഇത്. നിശ്ചിത എണ്ണം അക്കൗണ്ടുകൾ ഓരോ ജീവനക്കാരും ചേർക്കണമെന്നാണ് നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ഗ്രാമിക ഡാക് സേവക് ജീവനക്കാർ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിൽ രണ്ടു ലക്ഷത്തോളം അക്കൗണ്ടുകൾ തുടങ്ങിയിരുന്നു. ലോക്ഡൗൺ ആരംഭിച്ചതോടെ സംഘടനകളുടെ ഇടപെടലിൽ അക്കൗണ്ട് ആരംഭിക്കൽ നിർത്തിവച്ചെങ്കിലും വീണ്ടും നിർദേശം എത്തുകയായിരുന്നു. അവശ്യ സർവീസ് ഗണത്തിൽ പെടുന്നതിനാൽ കോവിഡ് ഭീതിക്കിടയിലും തപാൽ ജീവനക്കാർ ഓഫിസുകളിലെത്തുന്നുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും ജീവൻ പണയം വച്ച് കത്തു വിതരണം ചെയ്യുന്നു. ഫീൽഡിൽ പോകുന്നവർ ക്വാറന്റീനിൽ കഴിയുന്നവരെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചാണ് അവരെ ഒഴിവാക്കി തപാൽ വിതരണം നടത്തുന്നത്. ഇതിനിടെ അക്കൗണ്ട് മേളകൾ കൂടി വരുന്നതോടെ ജീവനക്കാർ കൂടുതൽ സമ്മർദത്തിൽ ആകുകയും ഒരു പക്ഷെ രോഗവാഹകരും കൂടി ആകുന്നതിന് ഇടയാക്കുകയും ചെയ്യും.
കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കാത്തതിനാലാണ് സംസ്ഥാന സർക്കാരിന് നിവേദനം സമർപ്പിച്ചിരിക്കുന്നത്. ബാങ്കുകൾക്ക് ശനി അവധിയുള്ളതിനാൽ ഈ ദിവസം കൂടുതൽ ആളുകൾ പോസ്റ്റ് ഓഫിസുകളിലും എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവിടെയും പ്രവർത്തിദിനങ്ങൾ അഞ്ച് ആക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. നിവേദനം പരിഗണിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുള്ളത്.