സംസ്ഥാനത്ത് തപാല്‍ ബാലറ്റുകള്‍ ലക്ഷക്കണക്കിന് അധികമായി അച്ചടിച്ചെന്ന് കണ്ടെത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ടവോട്ട് വിവാദത്തിന് പിന്നാലെ തപാല്‍ വോട്ടിലെ ഇരട്ടിപ്പിനെകുറിച്ചും പ്രതിപക്ഷ നേതാവ് ആരോപണം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ തപാല്‍ വോട്ട് അച്ചടിച്ച കണക്കിലും വലിയ വര്‍ദ്ധനവെന്ന് സൂചന. ആകെ ഏഴര ലക്ഷത്തില്‍ താഴെ ആവശ്യമുളളയിടത്ത് അടിച്ചത് 10 ലക്ഷത്തോളം ബാലറ്റുകള്‍. ആകെ മൂന്നര ലക്ഷത്തോളം പേരുടെ വോട്ട് വീടുകളിലെത്തി രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ അറിയിച്ചിരിക്കുന്നത്.
പോളിംഗ് ഉദ്യോഗസ്ഥരും അവശ്യ സര്‍വീസ് വിഭാഗത്തിലുളളവരും മുഴുവന്‍ പേരും വോട്ട് രേഖപ്പെടുത്തിയാല്‍ പോലും നാല് ലക്ഷം വോട്ടില്‍ കവിയില്ല. അങ്ങനെയുളള സാഹചര്യത്തില്‍ 10 ലക്ഷം ബാലറ്റുകള്‍ അടിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വ്യക്തതയില്ല. ഇങ്ങനെ ഏറ്റവുമധികം ബാലറ്റുകള്‍ അച്ചടിച്ച് വിതരണം ചെയ്‌തത് തിരുവനന്തപുരത്തും കൊല്ലത്തും കണ്ണൂരുമാണ്. മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടത്ത് 15,000 ബാലറ്റുകള്‍ അച്ചടിച്ചു. തലശ്ശേരിയിലും മട്ടന്നൂരും പതിനായിരത്തില്‍ അധികം ബാലറ്റാണ് അച്ചടിച്ചത്. കല്യാശേരിയില്‍ ഇത് 12,000 കവിഞ്ഞു.
പതിനായിരത്തിലേറെ തപാല്‍ ബാലറ്റുകള്‍ വേണ്ടിവരുന്ന മണ്ഡലങ്ങള്‍ ഇവയാണ് നെയ്യാറ്റിന്‍കര, നെടുമങ്ങാട്,വര്‍ക്കല, ചാത്തന്നൂര്‍, കൊല്ലം, കുണ്ടറ, ചവറ, കരുനാഗപ്പളളി, കൊട്ടാരക്കര, പുനലൂര്‍, ആറന്മുള, കായംകുളം, ഹരിപ്പാട്, അമ്ബലപ്പുഴ എന്നീ മണ്ഡലങ്ങള്‍ തെക്കന്‍ കേരളത്തിലും പേരാമ്ബ്ര, ബാലുശേരി, കുറ്റ്യാടി, ഇരിക്കൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് എന്നിങ്ങനെ വടക്കന്‍ കേരളത്തിലും.
വരണാധികാരികള്‍ നല്‍കുന്ന ഓര്‍ഡര്‍ അനുസരിച്ചാണ് തപാല്‍ ബാലറ്റ് അച്ചടിച്ചിരുന്നത്. ഇവ വരണാധികാരികളോ, ഉപ വരണാധികാരികളോ അവരുടെ പ്രതിനിധികളോ ഏറ്റുവാങ്ങും.