ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുത്; പി.സി വിഷ്ണുനാഥിനെതിരെ കൊല്ലത്ത് പോസ്റ്ററുകൾ

തിരുവനന്തപുരം: പി.സി വിഷ്ണുനാഥിനെതിരെ കൊല്ലത്ത് പോസ്റ്ററുകൾ. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ചെങ്ങന്നൂരിൽ പാർട്ടിയെ തകർത്തയാളിനെ ഒഴിവാക്കണം.
ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാർത്ഥി എന്നും പോസ്റ്ററിൽ പറയുന്നു. കൊല്ലം നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ ബിന്ദുകൃഷ്ണക്കൊപ്പം പി സി വിഷ്ണുനാഥിന്റെ പേരും പരിഗണിക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേരത്തെ പി സി വിഷ്ണുനാഥിന് എതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിൽ യുഡിഎഫ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെയും പ്രതിഷേധം. തൃശൂർ പുതുക്കാട് സീറ്റിൽ പെയ്ഡ് സ്ഥാനാർത്ഥിയെ നിർത്തുന്നുവെന്നാരോപിച്ചും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. വിജിലൻസ് കേസ് പ്രതിയെ സ്ഥാനാർത്ഥിയാക്കുന്നുവെന്നും പോസ്റ്ററിൽ ആരോപണം.
കോൺഗ്രസിന്റെ പുതുക്കാട് സീറ്റിൽ സ്ഥാനാർത്ഥി പരിഗണനാപട്ടികയിലുള്ള ബാബുരാജിനെതിരെയാണ് പേര് പരാമർശിക്കാതെ ഉള്ള പോസ്റ്റർ പ്രതിഷേധം. സേവ് കോൺഗ്രസ് സേവ് പുതുക്കാട് എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്ററുകൾ.