ഇന്ത്യന്‍ പശുവിന്റെ മൂത്രം കൊവിഡ് തടയുമെന്ന് ബി ജെ പി എംപി
രാജ്യത്തിലെ പശുവിന്റെ മൂത്രം കുടിച്ചാല്‍ കൊവിഡ് വരില്ലെന്ന് ഭോപ്പാലിലെ ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍. ദിവസവും ഗോമൂത്രം കുടിക്കുന്നതിനാല്‍ തനിക്ക് കുത്തിവയ്പ്പിന്റെയോ മരുന്നിന്റെയോ ആവശ്യമില്ല. ആലും വേപ്പും പോലുള്ള മരങ്ങള്‍ കുറവായതുകൊണ്ടാണ് രാജ്യത്ത് ഓക്സിജന്‍ ക്ഷാമം ഉണ്ടായതെന്നും പ്രഗ്യാ സിംഗ് പറഞ്ഞു. ഭോപ്പാലിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവം ആയില്ലെന്ന വിമര്‍ശനത്തിനിടെയാണ് പ്രഗ്യയുടെ പ്രതികരണം.
ഇന്ത്യന്‍ പശുവിന്റെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ അണുബാധയെ പ്രതിരോധിക്കുമെന്നാണ് ബിജെപി എംപിയുടെ അവകാശവാദം. സാന്ത് നഗറില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുമ്ബോഴാണ് പ്രഗ്യയുടെ അവകാശവാദം. 25 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഹെഡ്ഗ്വേവാര്‍ ആശുപത്രിക്ക് വിതരണം ചെയ്യുന്നതായിരുന്നു ചടങ്ങ്. ആളുകളുടെ മനസിലെ പൈശാചിക ചിന്ത മൂലാണ് പ്രകൃതിയെ നശിപ്പിക്കുന്നതും മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. വേപ്പ്, ആല്, തുളസി മുതലായവ വച്ച് പിടിപ്പിക്കണമെന്നും അവര്‍ അവകാശപ്പെടുന്നു.