അതിർത്തി ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോണിന് നേരെ വെടിയുതിർത്ത് ബിഎസ്എഫ്

ചണ്ഡിഗഡ്: അതിർത്തി ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോണിന് നേരെ വെടിയുതിർത്ത് ബിഎസ്എഫ്. ഞായറാഴ്ചയാണ് സംഭവം. പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിലാണ് പാക് ഡ്രോണെത്തിയത്. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ബിഎസ്എഫ് ജവാന്മാർ വെടിയുതിർത്തതോടെ ഡ്രോൺ തിരികെ പാകിസ്ഥാനിലേക്ക് പോയതായാണ് ഇന്ത്യ ടുഡേ റിപ്പോർട്ട്.
ഇന്ത്യ പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിയിലുള്ള ദിണ്ട പോസ്റ്റിന് സമീപത്തായി ഭാമിലാൽ മേഖലയിലായാണ് ഡ്രോൺ കണ്ടെത്തിയതെന്നാണ് പത്താൻകോട്ട് പൊലീസ് സീനിയർ സൂപ്രണ്ട് ഗുൽനീത് സിംഗ് ഖുറാന പിടിഐയോട് പ്രതികരിച്ചു. ഡ്രോൺ എന്തെങ്കിലും വസ്തുക്കൾ ഇന്ത്യൻ അതിർത്തിയിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തിയെന്നും എന്നാൽ ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി. 2020 ഡിസംബറിൽ 11ഗ്രനേഡുകളാണ് ഇത്തരത്തിലുള്ള ഡ്രോൺ പഞ്ചാബിലെ അതിർത്തി ഗ്രാമമായ ഗുർദാസ്പൂരിൽ കണ്ടെത്തിയിരുന്നു.
പാക് അതിർത്തിയിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം അകലെയായിരുന്നു ഈ സ്ഥലം. തടിനിർമ്മിതമായ ബോക്സിൽ വച്ച ഗ്രനേഡുകൾ നൈലോൺ നൂലിൽ കെട്ടി ഇറക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്ന് ഈ സംഭവത്തേക്കുറിച്ച് പറഞ്ഞത്. 2019ൽ എകെ 47 റൈഫിളുകളാണ് ഇത്തരത്തിൽ ഡ്രോണുപയോഗിച്ച് ഇന്ത്യൻ ഭൂമിയിലേക്ക് കടത്താൻ ശ്രമിച്ചത്.