10 ദിവസമായി ലോറിക്ക് കാവല്‍; പോലീസും സഹായത്തിനില്ല,വൃദ്ധന്‍ പെരുവഴിയില്‍
തിരുവനന്തപുരം: ദേശീയപാതയില്‍ മംഗലപുരം 16-ാം മൈലിലുടെ സ്ഥിരമായി പോയാല്‍ നമ്മുക്ക് ഒരാളെ കാണാന്‍ പറ്റും. പേര് സന്തോഷ് കുമാര്‍, ആള്‍ ഉത്തര്‍പ്രദേശ് ഔറയ്യ സ്വദേശിയും. 10 ദിവസമായി സന്തോഷ് കുമാര്‍ ഈ റോഡരികിലാണ് താമസം.
താമസം എന്ന് പറയാന്‍ പറ്റില ഒരു വിതത്തില്‍ തടവു ശിക്ഷയാണ്. താന്‍ എന്തിനാണ് ഇവിടെ രാവന്തിയോളം നില്‍ക്കുന്നതെന്ന് പാവം സന്തോഷിന് തന്നെ വലിയ നിശ്ചയമില്ല. എന്ന് വീട്ടില്‍ പോകാന്‍ കഴിയുമെന്ന കാര്യത്തില്‍ ഉറപ്പുമില്ല. 10 ദിവസമായി സന്തോഷ് ഇവിടെ നില്‍ക്കുന്നതിന് ഒരു കാരണമുണ്ട്. സന്തോഷ് കുമാര്‍ ഒരു ഡ്രൈവറാണ്.
ചരക്കുമായി ഉത്തര്‍പ്രദേശില്‍ നിന്നും കണ്ടെയ്‌നറുമായി വന്നതായിരുന്നു സന്തോഷ്. 16 -ാം മൈയില്‍ വച്ച് സന്തോഷിന്റെ ലോറിക്ക് മുന്നില്‍ നാലാഞ്ചിറ സ്വദേശിയുടെ കാറ് വന്നിടിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതിനാലാണ് അപകടം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്തായാലും കാര്‍ ഡ്രൈവര്‍ അപ്പോ തന്നെ സ്ഥലത്ത് നിന്ന് മുങ്ങി. എന്നാല്‍ പെട്ടു പോയത് പാവം സന്തോഷായിരുന്നു. കാര്‍ വന്നിടിച്ചതോടെ ലോറിയുടെ ഡീസല്‍ടാങ്ക് പൊട്ടി.
ആക്‌സിലും ബ്രേക്കും തകരാറിലായി. ലോറി റോഡിനു കുറുകെയായി. ഇതോടെ മണിക്കൂറുകള്‍ ഗതാഗതം നിലച്ചു. അപകടം കണ്ട് നിരവധി പേര്‍ ഓടിയെത്തി. പോലീസും വന്നു. ഒടുവില്‍ മണിക്കൂറുകളുടെ ശ്രമഫലമായി മംഗലപുരം പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് ലോറി റോഡിനു വശത്തേക്ക് മാറ്റിയിട്ടു. ഗതാഗതം പുനഃരാരംഭിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റാത്തതിനാല്‍ പോലീസ് കേസെടുക്കുകയും ചെയ്തില്ല. എല്ലാം പഴയെ സ്ഥിതിയിലായി.
എന്നാല്‍ കാര്‍ക്കാരന്റെ അശ്രദ്ധയില്‍ പണി കിട്ടിയത് പാവം സന്തോഷിനാണ്. ലോറി കൊണ്ടു പോകണമെങ്കില്‍ ക്രെയിനിന് വാടക 8,000 രൂപ വാടക നല്‍കണം എന്നാണ് ഇപ്പോള്‍ പറയുന്നത്. ഇത്രയും രൂപ നല്‍കാന്‍ സന്തോഷിന്റെ കൈയില്‍ ഇല്ല. ലോറിയുടെ ഉടമയോട് പണത്തിന് ആവശ്യപ്പെട്ടപോള്‍ കാര്‍ ഇങ്ങോട്ടു വന്നിടിച്ചതിനാല്‍ പണം തരാന്‍ സാധിക്കില്ലന്നായിരുന്നു മറുപടി. അതേസമയം പോലീസ് കേസെടുക്കാത്തതിനാല്‍ നഷ്ട പരിഹാരം ചോദിക്കാനും പറ്റാത്ത അവസ്ഥ. എന്നാല്‍ റോഡില്‍ ഗതാഗത തടസ്സം ഉണ്ടായതിനാല്‍ ക്രെയിന്‍ വരുത്തി വാഹനങ്ങള്‍ നീക്കിയിട്ടെന്നും ക്രെയിന്‍ വാടകയും തങ്ങളുമായി ഇടപാടില്ല എന്നാണ് പോലീസിന്റെ മറുപടി. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതിനാലാണ് കേസെടുക്കാത്തതെന്ന വിശദീകരണമാണ് പോലീസിന്റെ ഭാഗത്ത് നിന്നും സന്തോഷ്‌കുമാറിന് ലഭിച്ചത്.
തന്റേതല്ലാത്ത കുറ്റത്തിന് വാഹനത്തിന് കേടുപാട് സംഭവിച്ചത് മാത്രമല്ല ക്രെയിനിനും പണം നല്‍കണം എന്നറിഞ്ഞ് എന്ത് ചെയ്യണം എന്നറിയാതെ, 10 ദിവസമായി റോഡിനരികില്‍ കിടക്കുന്ന തന്റെ ലോറിക്ക് കാവലായി സന്തോഷ് കുമാര്‍ അവിടത്തന്നെ കിടക്കുകയാണ്. ക്രെയിനിന് പണം നല്‍കി എന്ന് നാട്ടിലേക്ക് മടങ്ങാനാകും എന്ന വേവലാതി ഉള്ളിലൊതുക്കി തന്നെ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ പാവം.