കോണ്‍ഗ്രസിനോട് പക പോക്കാന്‍ പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ക്ഷണിച്ചുവരുത്തി അപമാനിച്ചയച്ച കോണ്‍ഗ്രസ് പാര്‍ട്ടിയോട് പക വീട്ടാന്‍ പ്രശാന്ത് കിഷോര്‍. മമത ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസിനെ അപ്പാടെ തകര്‍ക്കുന്ന നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കൂടിയായ പ്രശാന്ത് കിഷോര്‍ കരുനീക്കങ്ങള്‍ നടത്തുന്നത്. മമത ബാനര്‍ജിയെ മുന്‍ നിര്‍ത്തി ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ പ്രശാന്ത് കിഷോര്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. മമതയെ ദേശീയ നേതാവായി മാറ്റുന്നതോടൊപ്പം കോണ്‍ഗ്രസിനെ പരമാവധി ഒഴിവാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
ദേശീയ തലത്തില്‍ ഒരു പുതിയ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനുള്ള മമതയുടെ നീക്കത്തിന് പിന്നില്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളാണ്. ദേശീയതലത്തില്‍ യുപിഎ ഇല്ലാതായി എന്ന മമതയുടെ പരാമര്‍ശം വളരെ പ്രസക്തമാണ്. അഖിലേന്ത്യ തലത്തില്‍ പ്രശസ്തരായ ബിജെപി വിരുദ്ധ നേതാക്കളെ കോര്‍ത്തിണക്കാന്‍ മമത നടത്തുന്ന നീക്കങ്ങളും കോണ്‍ഗ്രസിലെ പല നേതാക്കളെയും തൃണമൂല്‍ കോണ്‍ഗ്രസിലെത്തിക്കുന്നതും ഫലത്തില്‍ കോണ്‍ഗ്രസിന്റെ അടിവേരിളക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മമതയുടെ നീക്കത്തില്‍ പരിഭ്രാന്തരുമാണ്.
മമതയ്‌ക്കെതിരെ ആരോപണങ്ങളുമായി ഹൈക്കമാന്‍ഡിന്റെ നാക്കായി പ്രവര്‍ത്തിക്കുന്ന കെ.സി. വേണുഗോപാല്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ഒപ്പമില്ലാതെ ബിജെപിയെ തോല്‍പ്പിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതുവെറും സ്വപ്‌നം മാത്രമായിരിക്കുമെന്നാണ് വേണുഗോപാല്‍ പറയുന്നത്. ഡല്‍ഹിയിലും മുംബൈയിലുമായി പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തിയ മമത തന്റെ നേതൃസ്ഥാനം ഊട്ടിയുറപ്പിക്കുകയാണ്.
മുംബൈയില്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ ദേശീയതലത്തില്‍ മമതയുടെ പ്രസക്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താന്‍ മമത ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അത് സാധിക്കാതെ പോയി. അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹി ബെല്‍ട്ട് വിട്ട് വളരാന്‍ കഴിയാത്തതും മമതയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്. ബിജു പട്‌നായിക്കും സ്റ്റാലിനും കെസിആറുമൊന്നും സംസ്ഥാനം വിട്ട് പുറത്തേക്ക് ചിന്തിക്കാതിരിക്കുന്നതും ശരത് പവാറിന്റെ അനാരോഗ്യവുമെല്ലാം പ്രശാന്ത് കിഷോര്‍ മുതലെടുക്കുകയാണ്.
ഉദ്ധവ് താക്കറെയും ജഗന്‍മോഹന്‍ റെഡ്ഡിയും മായാവതിയും കൂടെ മമതയോടൊപ്പമെത്തുമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും മോദിയുടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന സ്വപ്‌നസാക്ഷാത്കാരത്തിന് മമത ബാനര്‍ജി മുന്‍പന്തിയില്‍ നില്‍ക്കുന്നത് കാര്യങ്ങള്‍ എളുപ്പമാക്കിയേക്കും. പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങിയ സിപിഎം, സിപിഐ പാര്‍ട്ടികള്‍ മാത്രമാവും ഒടുവില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുക.