ചെന്നിത്തലയെ മുന്‍നിര്‍ത്തി റിയാസിന് പ്രതിഭയുടെ പാര
കായംകുളം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിലൂടെ കുഴികളെണ്ണി യു. പ്രതിഭ എംഎല്‍എ. സിപിഎമ്മില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന പ്രതിഭ കിട്ടിയ അവസരം ഭരണാധികാരികളെ കുത്താന്‍ ഉപയോഗിക്കുകയാണ്. തന്റെ മണ്ഡലമായ കായംകുളത്തെ റോഡുകളില്‍ കുഴികളാണെന്ന ആരോപണത്തെ നേരിടാനായിരുന്നു ചെന്നിത്തലയുടെ മണ്ഡലത്തിലൂടെ യാത്ര ചെയ്തത്. എന്നാല്‍ ഫലത്തില്‍ ചെന്നിത്തലയെ കുറ്റപ്പെടുത്തുന്നതിലുപരി അത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനുള്ള ഒരു പാരയായിരുന്നു.
ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതിഭയുടെ കുഴിയെണ്ണല്‍. ഇതിന് മുമ്പും പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വിവാദത്തിലായിട്ടുണ്ട്. എന്നെ പെന്‍ഷന്‍ വാങ്ങിപ്പിക്കാന്‍ പരിശ്രമിച്ചവര്‍ ദേശീയപാത അതോറിറ്റിയെ കാണുന്നേയില്ലെന്ന് രണ്ട് ദിവസം മുമ്പ് പ്രതിഭ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. കുറ്റപ്പെടുത്തുന്നത് ദേശീയപാത അതോറിറ്റിയെയാണെങ്കിലും കൊള്ളുന്നതു മുഴുവന്‍ റിയാസിന്റെ നെഞ്ചത്താണെന്ന് അതിനുള്ള മറുപടികള്‍ ചൂണ്ടിക്കാണിക്കുന്നു.
കായംകുളത്ത് ദേശീയപാത തകര്‍ന്ന് ഗതാഗയോഗ്യമല്ലാതായതും നിരവധി പേര്‍ അപകടങ്ങളില്‍ പെടുന്നതും വാര്‍ത്തയായതോടെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ റോഡിലെ കുഴികള്‍ അടച്ചിരുന്നു. രാത്രിയില്‍ നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. പ്രത്യക്ഷത്തില്‍ റിയാസിനെ പ്രതിരോധിക്കുന്ന വിധത്തില്‍ ലൈവില്‍ പറഞ്ഞെങ്കിലും യഥാര്‍ഥത്തില്‍ മന്ത്രിക്കുള്ള കൊട്ടുതന്നെയായിരുന്നു. കഴിഞ്ഞമാസം സ്പീക്കര്‍ എം.ബി. രാജേഷിന്റെ കാര്‍ കായംകുളത്ത് ഗട്ടറില്‍ വീണ് പഞ്ചറായിരുന്നു. ഇതോടെയാണ് കായംകുളത്തെ റോഡിനെക്കുറിച്ച് പരാതി ഉയര്‍ന്നു തുടങ്ങിയത്.
ഇത് പ്രതിരോധിക്കാന്‍ ഫെയ്‌സ്ബുക്ക് ലൈവുമായെത്തി പ്രതിഭ റിയാസിന് പാര പണിയുകയാണ് ചെയ്തത്. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിനാലാണോ അതോ മന്ത്രിമാരുടെ പ്രകടനം മോശമായതിനാലാണോ എന്നറിയില്ല, രണ്ടാമത്തെ മന്ത്രിക്കാണ് ഇപ്പോള്‍ പ്രതിഭ പാര പണിതിരിക്കുന്നത്. നേരത്തേ ആരോഗ്യമന്ത്രി വീണ ജോര്‍ജ് പങ്കെടുത്ത ഒരു പരിപാടിയില്‍ ഫോണെടുക്കാത്ത മന്ത്രിയെ വിമര്‍ശിച്ച് പ്രതിഭ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ റോഡിനെ വിമര്‍ശിച്ചാണ് പ്രതിഭ രംഗത്തെത്തിയിരിക്കുന്നത്.