പ്രവാസി വിഷയത്തിൽ ജനരോഷത്തിന് മുന്നില്‍ മുഖ്യമന്ത്രി മുട്ടുമടക്കി, മുല്ലപ്പള്ളി. മണ്ടത്തരങ്ങളുടെ ഘോഷയാത്ര,കുഞ്ഞാലിക്കുട്ടി

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിഷയത്തിൽ ജനരോഷത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടി കൂടിയാണിത്. അമിത വൈദ്യുതി ബില്ലിലും സ്പ്രിങ്കളര്‍ വിവാദത്തിലും കോണ്‍ഗ്രസ് സമരം ശക്തമാക്കിയപ്പോഴാണ് മുഖ്യമന്ത്രിക്ക് ബോധോദയമുണ്ടായത്. മുഖ്യമന്ത്രിക്ക് സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നഷ്ടമായി. മുല്ലപ്പള്ളി പറഞ്ഞു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനത്തെ കുറിച്ച് പ്രതികരിച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി, പ്രവാസികളുടെ കാര്യത്തിൽ മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ് സർക്കാർ കാട്ടുന്നതെന്നു പറഞ്ഞു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പ്രായോഗികമല്ലെന്നു നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ സർക്കാർ തന്നിഷ്ടപ്രകാരം മുന്നോട്ടുപോകാനാണ് ശ്രമിച്ചത്. മണ്ടൻ തീരുമാനത്തിന്റെ ഫലമായിട്ടാണ് ഇപ്പോൾ അതിൽനിന്നു പിൻവാങ്ങേണ്ടി വന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോവിഡ് പരിശോധനയ്ക്കു പകരം പിപിഇ കിറ്റ് മതിയെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. ഇതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും, ഓരോ തീരുമാനമെടുത്തു മാറ്റേണ്ടിവരുന്നതു പ്രവാസി വിഷയത്തിലെ സർക്കാരിന്റെ വീഴ്ചയാണു കാണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.