ജലീൽ തെറ്റ് ചെയ്തതായി കരുതുന്നില്ല; മന്ത്രി എം എം മണി

ഇടുക്കി;മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി എംഎം മണി. തെറ്റ് ചെയ്തതായി കരുതുന്നില്ല. ചോദ്യം ചെയ്യൽ നടപടി ക്രമം മാത്രമാണ്. അതിലൊന്നും ആശങ്കയ്ക്ക് വകയില്ല. മന്ത്രിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് കോൺഗ്രസുകാർ പ്രതിഷേധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സ്വർണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ എന്ന വിവരം പുറത്തുവന്നു. സ്വപ്‌നയുമായുള്ള ഫോൺ വിളികൾ, മതഗ്രന്ഥം സംബന്ധിച്ച വിവരങ്ങൾ, ആസ്തികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ മന്ത്രിയോട് ചോദിച്ചറിഞ്ഞതായാണ് വിവരം. സ്വപ്‌ന സുരേഷുമായി ഔദ്യോഗിക ഫോൺ വിളികൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ജലീൽ ഇഡിയോട് വെളിപ്പെടുത്തിയത്. കോൺസുൽ ജനറലുമായി ജലീലിന്റെ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മതഗ്രന്ഥം എത്തിച്ചത് സംബന്ധിച്ച കാര്യങ്ങളും ചോദ്യങ്ങളായി. ജലീലിന്റെ ആസ്തികളും ബാധ്യതകൾ സംബന്ധിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞു.