ജനസാന്ത്വന ഫണ്ടിലെ 2.25 കോടി എവിടെപ്പോയി.

കേരത്തിലെ നിര്‍ധനർക്ക് ഒരു സഹായഹസ്തം എന്ന പേരിൽ പിണറായി സർക്കാർ ആരംഭിച്ച സാന്ത്വനം പദ്ധതിയെ പറ്റിയും പരാതി. എങ്ങുമെങ്ങും എത്താത്ത സാന്ത്വനം പദ്ധതി തുടങ്ങി അഞ്ചു വര്ഷം കഴിഞ്ഞിട്ടും ഒരാൾക്കുപോലും ചില്ലിക്കാശ് സഹായം നൽകിയില്ല. പദ്ധതിക്കായി ജനങ്ങളില്‍ നിന്നും സമാഹരിച്ച പണത്തെക്കുറിച്ചാവട്ടെ പരസ്പര വിരുദ്ധമായ മറുപടികളാണ് സര്‍ക്കാര്‍ ഇപ്പോൾ നല്‍കുന്നത്. ജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ച് നിര്‍ധനരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാന്ത്വനം പദ്ധതിൽ രണ്ടേ കാല്‍ കോടി സംഭാവന ലഭിച്ചെന്നാണ് നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
സംസ്ഥാനത്തിന്റെ വികസനവും ക്ഷേമവും മെച്ചപ്പെടുത്താൻ ഇടതു സർക്കാർ അധികാരമേറ്റയുടൻ ആവിഷ്കരിച്ച ജനസാന്ത്വന ഫണ്ടിലേ ക്ക് സംഭാവനയായി ലഭിച്ച 2.25 കോടി കാണാനില്ലെന്നാണ് ഇപ്പോൾ പ്രതിപക്ഷ ആരോപിക്കുന്നത്. 2017ലും 2019ലും ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടി ചൂണ്ടിക്കാട്ടിയാണ് തുകയെവി ടെയെന്ന ചോദ്യവു മായി തിരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടപ്പിലാക്കി വന്ന ജനസമ്പർക്ക പരിപാടിക്ക് പകരമായിട്ടാണ് സാന്ത്വനം പദ്ധതിയെക്കുറിച്ച് സർക്കാർ തീരുമാനിക്കുന്നത്. 2016 ഒക്ടോബർ 31ന് പദ്ധതിയുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങി. സി.എച്ച്. മുഹമ്മദ് കോയ എഡ്യൂ ക്കേഷണൽ ട്രസ്റ്റ്, ബി.ആർ. ഷെട്ടി, ബംഗളൂരുവിലെ ബാലകൃഷ്ണ രത്നഗിരി പാർത്ഥൻ എന്നിവരിൽ നിന്നായി 2,25,47,360 രൂപ ലഭിച്ചെന്ന് 2017 മാർച്ച് ഏഴിന് വി.എസ്. ശിവകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയിരുന്നതാണ്. എന്നാൽ 2019 ഫെബ്രുവരി ആറിന് കെ.സി. ജോസഫിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ സി.എച്ച്. മുഹമ്മദ് കോയ എഡ്യൂക്കേഷണൽ ട്രസ്റ്റിൽ നിന്ന് 2016 സെപ്തംബർ 28ന് പതിനായിരം രൂപ സംഭാവന ലഭിച്ചെന്നാണ് മറുപടി പറഞ്ഞത്. മറ്റ് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ സംഭാവന ലഭിച്ചിട്ടില്ലെന്നും രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു. 2,25,47,360 രൂപയിൽ പതിനായിരം രൂപ കിഴിച്ചു വരുന്ന ബാക്കിയുള്ള 2,25,37,360 രൂപ എവിടെ ആണെന്നാണ് പ്രതിപക്ഷം ഇപ്പോൾ ചോദിക്കുന്നത്. വൃദ്ധർ, മാറാരോഗികൾ, സാമ്പത്തികപ്രശ്നങ്ങളാൽ വഴിമുട്ടിയവർ, വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പീഡനങ്ങളേൽക്കേണ്ടി വന്നവർ, പുറമ്പോക്കിൽ താമസിക്കുന്നവർ എന്നിവരുടെ സമാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പദ്ധതിയിൽ നിന്നുള്ള സഹായം അഭ്യർത്ഥിച്ച് 3,48,650 അപേക്ഷകൾ ലഭിച്ചെങ്കിലും, ഒരാൾക്ക് പോലും ഒരൗപൈസ കൊടുത്തില്ല. സഹായത്തിനുള്ള അപേക്ഷകൾ നാല് വർഷമായി സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുകയാണ്. പദ്ധതിയുടെ തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നുണ്ടെങ്കിലും ലഭിച്ച പണം എവിടെപ്പോയെന്ന ചോദ്യം ഉത്തരം കിട്ടാതിരിക്കുകയാണ്.