രാഷ്ട്രപതി ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം ; സുരക്ഷാവീഴ്ച്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
അതേസമയം, സംഭവത്തിൽ സുരക്ഷാവീഴ്ച്ചയില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്.

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം സുരക്ഷാവീഴ്ച്ചയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനം വേണ്ട ജാഗ്രത കാണിച്ചില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് മന്ത്രാലയം വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സംഭവത്തിൽ സുരക്ഷാവീഴ്ച്ചയില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്. ക്രമീകരണങ്ങളില്‍ വന്ന മാറ്റം കാരണമാണ് സംഭവമുണ്ടായതെന്നും കാലാവസ്ഥാ വ്യതിയാനവും കാരണമായെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. നിലവില്‍ ആര്‍ക്കുമെതിരെ നടപടിയില്ല. പ്രശ്‌നമുണ്ടായപ്പോള്‍ അതിവേഗം പരിഹരിച്ചെന്നും ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍. കേന്ദ്രത്തില്‍ നിന്ന് ആവശ്യപ്പെടുന്ന മുറയ്ക്ക് വിശദീകരണം നല്‍കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു.
പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്. പൊലീസും ഫയര്‍ഫോഴ്‌സുമെത്തി ഹെലികോപ്റ്റര്‍ തളളി നീക്കി. നിലയ്ക്കലെ ലാന്‍ഡിംഗ് മാറ്റിയതോടെ ഇന്ന് രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്. കോണ്‍ക്രീറ്റ് ഉറയ്ക്കുന്നതിന് മുന്‍പേ തന്നെ ഹെലികോപ്റ്റര്‍ വന്നിറങ്ങിയതാണ് തറ താഴാന്‍ കാരണമായത്.
tag: President’s helicopter’s tires hit the concrete; Ministry of Home Affairs calls it a security lapse