Latest NewsNationalNews

പ്രധാനമന്ത്രി കേദാര്‍നാഥില്‍; ശങ്കരാചാര്യരുടെ പ്രതിമ നാടിന് സമര്‍പ്പിച്ചു

ഡെറാഡൂണ്‍: കേദാര്‍നാഥ് ധാമിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച ആദിശങ്കരന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ആദിശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി സമര്‍പ്പിച്ചത്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തിലാണ് 35 ടണ്‍ ഭാരമുള്ള പ്രതിമ സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെ 8.30ന് കേഥാര്‍നാഥിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രത്തില്‍ പ്രവേശിച്ച് പൂജകള്‍ നടത്തിയ ശേഷമാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

അതേസമയത്ത് ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകള്‍ നടന്നു. കാലടിയിലെ മഹാസമ്മേളനത്തില്‍ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി പങ്കെടുത്തു. 2013ലെ വെള്ളപ്പൊക്കത്തില്‍ ആദിഗുരു ശങ്കരാചാര്യരുടെ സമാധി ഒലിച്ചുപോയിരുന്നു. തുടര്‍ന്ന് കേദാര്‍നാഥ് ധാമിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കീഴില്‍ പ്രത്യേക രൂപരേഖയിലാണ് പുതിയ പ്രതിമ തയ്യാറാക്കിയത്. കേദാര്‍നാഥ് ക്ഷേത്രത്തിന് തൊട്ടുപിറകിലും സമാധി പ്രദേശത്തിന് നടുവിലും ഭൂമി കുഴിച്ചാണ് പ്രതിമയുടെ നിര്‍മാണം.

മൈസൂരിലെ അതിപ്രഗത്ഭനായ ശില്‍പി യോഗിരാജാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. മകന്‍ അരുണും സഹായിയായി ഉണ്ടായിരുന്നു. ക്ലോറൈറ്റ് ഷിസ്റ്റ് എന്ന പാറയില്‍ നിന്ന് നിര്‍മിച്ച പ്രതിമയ്ക്ക് തിളക്കം കൂട്ടാനായി തേങ്ങാവെള്ളമാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രളയം ഉള്‍പ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മിതി. 130 കോടി രൂപ ചിലവിലാണ് കേദാര്‍നാഥിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയയത്.

പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് പുറമെ പുരോഹിതരുടെ താമസസ്ഥലങ്ങള്‍, വിവിധ സ്നാനഘട്ടങ്ങള്‍, നദിയുടെ പാര്‍ശ്വഭിത്തികള്‍, പോലീസ് സ്റ്റേഷന്‍, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പെടും. മന്ദാകിനി നദിക്ക് കുറുകെയുള്ള പാലവും പുനര്‍നിര്‍മിച്ചിട്ടുണ്ട്.

ഇതിന് പുറമെ 400 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതി കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൃത്യമായ ഇടവേളകളില്‍ അതിന്റെ പുരോഗതി വ്യക്തിപരമായി മോദി തന്നെ അവലോകനം ചെയ്തിരുന്നു. പ്രധാനമന്ത്രിയായ ശേഷം നിരവധി തവണ മോദി കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെ സന്ദര്‍ശനമാണ് ഇന്നത്തേത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button