പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി; സംസ്ഥാനത്ത് വ്യാപക സുരക്ഷ
പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി. സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. ഗവർണർ അജയ് കുമാർ ഭല്ല പ്രധാനമന്ത്രിയെ സ്വീകരിച്ചു. തുടർന്ന് മോദി റോഡ് മാർഗം ചുരാചന്ദ്പൂരിലേക്ക് യാത്രയായി. സംസ്ഥാനത്ത് വ്യാപകമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ട് വർഷത്തെ കലാപ ഇടവേളയ്ക്കുശേഷമാണ് മോദി മണിപ്പൂരിൽ എത്തുന്നത്. ചുരാചന്ദ്പൂരിൽ ഏകദേശം ഏഴായിരം കോടി രൂപയുടെ വികസനപദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഇംഫാലിൽ എത്തുന്ന മോദി, വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ഏകദേശം അഞ്ച് മണിക്കൂർ അദ്ദേഹം മണിപ്പൂരിൽ ചെലവഴിക്കും. മണിപ്പൂരിന്റെ സമഗ്ര വികസനമാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി.
എന്നാൽ, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ തീവ്രസംഘടനകൾ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികൾ പരമാവധി ജാഗ്രതയിലാണ്. മണിപ്പൂരിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി അസമിലേക്കും പോകും.
Tag: Prime Minister Narendra Modi arrives in Manipur; tight security in the state