പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ചെലവുകൾ: 5 വർഷത്തിൽ 362 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചിലവായ തുക 362 കോടി രൂപയെന്ന് കേന്ദ്ര സർക്കാർ. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗാണ് കണക്കുകൾ അവതരിപ്പിച്ചത്.
2021 മുതൽ 2025 വരെയുളള പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കാണ് ഈ മൊത്തം തുക ചിലവായത്. ഇതിൽ 2025ലെ ആദ്യാർത്ഥത്തിൽ മാത്രം നടന്ന യാത്രകൾക്കായി ഇതിനകം 67 കോടി രൂപ ചെലവായി. ഈ വർഷം നടന്ന ഫ്രാൻസ് യാത്രയാണ് ഏറ്റവും കൂടുതൽ തുക ചെലവായത്. ഏകദേശം 25 കോടി രൂപ. അതുപിന്നാലെ 16 കോടി രൂപ ചിലവായ യുഎസ് യാത്രയാണ്.
2024- ൽ പ്രധാനമന്ത്രി 16 രാജ്യങ്ങളാണ് സന്ദർശിച്ചത്. ആ വർഷത്തെ മൊത്തം യാത്രച്ചെലവുകൾ 109 കോടി രൂപയിലേക്കുയർന്നു. 2023-ൽ 93 കോടി, 2022-ൽ 55.82 കോടി, 2021-ൽ 36 കോടി എന്നിങ്ങനെയാണ് മറ്റ് വർഷങ്ങളിലെ കണക്കുകൾ. 2023-ലെ യുഎസ് യാത്രയ്ക്ക് മാത്രം 22 കോടി രൂപ ചെലവായതായും വിവരങ്ങളിലുണ്ട്.
പ്രധാനമന്ത്രിയുടെ യാത്രകൾക്കുള്ള ചെലവുകളിൽ വിമാന യാത്ര, താമസം, സുരക്ഷ, ജനങ്ങളുമായി ആശയവിനിമയം, പരസ്യങ്ങൾ, മാധ്യമ സംപ്രേക്ഷണച്ചെലവുകൾ തുടങ്ങിയവ ഉൾപ്പെടുന്നു.
Tag: Prime Minister Narendra Modi’s foreign travel expenses: Rs 362 crore in 5 years