പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനം ഇന്ന് ആരംഭിച്ചു; ജാപ്പനീസ് പ്രധാനമന്ത്രിയുമായി ഉഭകക്ഷി ചർച്ച നടത്തും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനം ഇന്ന് ആരംഭിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ മോദിയുടെ ആദ്യ ജപ്പാൻ യാത്രയാണിത്. പതിനഞ്ചാമത് ഇന്ത്യ– ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് സന്ദർശനം. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ശാസ്ത്ര–സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളാണ് ചര്‍ച്ചയുടെ മുഖ്യവിഷയങ്ങൾ.
അമേരിക്കയുടെ കർശനമായ പിഴച്ചുങ്കങ്ങൾക്കുള്ള മറുപടിയായും ഇന്ത്യ ജപ്പാനുമായുള്ള ബന്ധം ശക്തമാക്കുന്നു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി 10 ട്രില്യൺ യെൻ (ഏകദേശം 5.5 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് ജപ്പാൻ തീരുമാനിച്ചതായി നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു. നിർമിത ബുദ്ധി, സെമികണ്ടക്ടറുകൾ, പരിസ്ഥിതി, മരുന്ന് നിർമ്മാണം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിൽ ഈ നിക്ഷേപം കേന്ദ്രീകരിക്കും.
ഇന്ത്യ–ജപ്പാൻ ബന്ധം മുമ്പത്തേക്കാൾ ശക്തമായി വളരുന്നുവെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്ത്യയിൽ നിർമ്മിക്കുന്ന ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ യൂറോപ്പ്, ജപ്പാൻ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി ഇന്ന് ടോക്കിയോയിലെ ഇലക്ട്രോണിക് ഫാക്ടറിയും സെൻഡായിയിലെ തോഹോകു ഷിങ്കൻസെൻ ബുള്ളറ്റ് ട്രെയിൻ കോച്ച് നിർമ്മാണ പ്ലാന്റും സന്ദർശിക്കുമെന്ന് അറിയുന്നു.
Tag: Prime Minister Narendra Modi’s two-day visit to Japan begins today; will hold bilateral talks with Japanese Prime Minister