ഡ്യൂക്ക് ഓഫ് യോർക്ക് പദവി ഉപേക്ഷിക്കാൻ ആൻഡ്രൂ രാജകുമാരൻ

ഡ്യൂക്ക് ഓഫ് യോർക്ക് പദവി ഉപേക്ഷിക്കാൻ ആൻഡ്രൂ രാജകുമാരൻ തീരുമാനിച്ചു. കിംഗ് ചാൾസിനെയും മറ്റ് രാജകുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ ആലോചനകൾക്കുശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
“എന്നെതിരെയുള്ള തുടർച്ചയായ ആരോപണങ്ങൾ രാജാവിന്റെയും രാജകുടുംബത്തിന്റെയും പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു എന്ന നിഗമനത്തിലാണ് ഈ തീരുമാനം എടുത്തത്. എപ്പോഴും ചെയ്യുന്നതുപോലെ എന്റെ കുടുംബത്തിന്റെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾ മുന്നിൽ വെക്കുകയാണ് ഞാൻ. അഞ്ചു വർഷം മുമ്പ് പൊതുജീവിതത്തിൽ നിന്ന് മാറിനിൽക്കാൻ എടുത്ത തീരുമാനത്തിലും ഞാൻ ഉറച്ചുനിൽക്കുന്നു. എനിക്ക് ലഭിച്ച പദവികളോ ബഹുമതികളോ ഇനി ഉപയോഗിക്കില്ല,” എന്ന് ആൻഡ്രൂ രാജകുമാരൻ പ്രസ്താവനയിൽ പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും താൻ ശക്തമായി നിഷേധിക്കുന്നുവെന്ന് അദ്ദേഹം വീണ്ടും വ്യക്തമാക്കി.
ആൻഡ്രൂ രാജകുമാരൻ ഡ്യൂക്ക് ഓഫ് യോർക്ക്, നൈറ്റ് ഗ്രാൻഡ് ക്രോസ് ഓഫ് ദ റോയൽ വിക്ടോറിയൻ ഓർഡർ, റോയൽ നൈറ്റ് കമ്പാനിയൻ ഓഫ് ദ മോസ്റ്റ് നോബിൾ ഓർഡർ ഓഫ് ദ ഗാർട്ടർ എന്നീ ബഹുമതികളാണ് ഉപേക്ഷിക്കുന്നത്. എങ്കിലും ‘പ്രിൻസ്’ എന്ന പദവി അദ്ദേഹത്തിന് നിലനിൽക്കും, കാരണം അത് രാജ്ഞിയുടെ മകനായി ലഭിച്ച പദവിയായതിനാൽ പാർലമെന്റിന്റെ അനുമതിയില്ലാതെ നീക്കം ചെയ്യാനാവില്ല. നിലവിൽ അദ്ദേഹത്തിന് സൈനിക പദവികളും ഔദ്യോഗിക ബഹുമതികളും ഉപയോഗിക്കാൻ വിലക്കുണ്ട്.
ബ്രിട്ടീഷ് രാജകുടുംബവും വിഷയത്തിൽ പ്രതികരിച്ചു. “ആൻഡ്രൂവിന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ രാജകുടുംബത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവർത്തിച്ചും തടസ്സമുണ്ടാക്കുന്നു” എന്ന തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തതെന്ന് രാജകുടുംബം വ്യക്തമാക്കി. കിംഗ് ചാൾസിനും പ്രിൻസ് ഓഫ് വെയിൽസിനും ഇതിൽ സന്തോഷമുണ്ടെന്നാണ് റിപ്പോർട്ട്.
ലൈംഗികാതിക്രമ കേസിലെ ആരോപണങ്ങൾക്കെതിരെ വിമർശനം ഉയർന്നതിനെ തുടർന്ന്, 1987ൽ ലഭിച്ച ‘ഫ്രീഡം ഓഫ് ദ് സിറ്റി’ ബഹുമതി 2022ൽ റദ്ദാക്കപ്പെട്ടതും പ്രിൻസ് ആൻഡ്രൂ നേരിട്ട മറ്റൊരു തിരിച്ചടിയായിരുന്നു.
Tag: Prince Andrew to give up title of Duke of York