പൂജപ്പുര ജയിലിൽ തടവുകാർക്ക് കൊടിയ മർദ്ദനം, ബ്രട്ടീഷുകാരെ നാണിപ്പിക്കുന്ന ക്രൂരത.

തിരുവനന്തപുരം/ പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരെ വ്യാപകമായ തോതിൽ പീഡിപ്പിക്കുന്നതായി റിപ്പോർട്ട്. കെവിൻ കേസ് പ്രതി ടിറ്റു ജെറോമിന് മർദനമേറ്റ സംഭവത്തിന് പിറകെ മൂന്ന് തടവുകാർക്ക് കൂടി മർദനമേറ്റ സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വിവിധ കാരണങ്ങൾ പറഞ്ഞു ജയിൽ ജീവനക്കാർ റിമാന്റ് പ്രതികളെയും തടവുകാരെയും മർദിക്കുന്നതയാണ് ആരോപണം ഉണ്ടായിരിക്കുന്നത്.
ടിറ്റു ജെറോമിന് മർദ്ദനമേറ്റതിനു ശേഷം മൂന്ന് തടവുകാർക്ക് കൂടി മർദനമേറ്റതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശ്യം ശിവൻ, ഉണ്ണിക്കുട്ടൻ, ഷിനു എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കാൻ കമ്മിഷണറോട് ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മർദനമേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
പൂജപ്പുര സെൻട്രൽ ജയിലിൽ കെവിൻ കേസ് പ്രതി ടിറ്റു ജെറോമിന് മർദനമേറ്റ സംഭവം വിവാദമായിരുന്നു. സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ വരെ ഉണ്ടായി. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് ജെറോം നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരം മജിസ്ട്രേറ്റ് കോടതി ടിറ്റുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നതാണ്. കോടതി ശിക്ഷ വിധിച്ചു ജയിലിലേക്ക് അയക്കപെടുന്ന തടവുകാർക്ക് ജയിലിലെ ജീവനക്കാർ കൂടി ശിക്ഷ നൽകുന്ന സ്ഥിതി വിശേഷമാണ് നിലവിൽ പൂജപ്പുര ജയിലിൽ ഉള്ളത്. വീട്ടിൽ ഭാര്യയുമായി വഴക്കിട്ടും, തെറിവിളികേട്ടും ജയിലിൽ എത്തുന്ന ചില ജീവനക്കാർ കലിയൊക്കെ തീർക്കുന്നത് തടവുകാരുടെ മേലെയാണ്.