സ്വകാര്യ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നു; ഐശ്വര്യയ്ക്ക് പിന്നാലെ പാരാതിയുമായി അഭിഷേക് ബച്ചനും
സ്വകാര്യ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് എതിരെ നിയമ നടപടി ആരംഭിച്ച് നടൻ അഭിഷേക് ബച്ചൻ. വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും തന്റെ പേര്, ചിത്രം, വ്യക്തിത്വ വിവരങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
ഡിജിറ്റൽ കാലഘട്ടത്തിൽ താരങ്ങളുടെ സ്വകാര്യതയും വ്യക്തിത്വവും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് അഭിഷേകിന്റെ നീക്കം. ‘ബോളിവുഡ് ടി ഷോപ്പ്’ പോലുള്ള വെബ്സൈറ്റുകൾ തന്റെ അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുവെന്നതാണ് ഹർജിയിലെ പ്രധാന ആരോപണം. ഇത്തരം പ്രവർത്തനങ്ങൾ ഓൺലൈൻ തട്ടിപ്പാണെന്നും, വ്യക്തിത്വവുമായി ബന്ധപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.
അനുമതിയില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചിത്രങ്ങളെയും വ്യക്തിഗത വിവരങ്ങളെയും ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും അഭിഷേക് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും, അവയിൽ നിന്ന് ഉള്ളടക്കം നീക്കം ചെയ്യാനും ഗൂഗിൾ, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് കോടതി നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനുമുമ്പ്, ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചനും സമാനമായ പരാതിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു അവരുടെ ഹർജി. കോടതി അതിനെ പരിഗണിച്ച് അനധികൃതമായ ഉപയോഗം തടയാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Tag: Private pictures and personal information are being used without permission; Abhishek Bachchan also faces charges after Aishwarya