ജോലി നഷ്ടപ്പെട്ടു, പ്രതീക്ഷകൾ തകർന്നു, സ്വകാര്യ സ്കൂൾ ജീവനക്കാരൻ ജീവനൊടുക്കി.

തിരുവനന്തപുരം / മഹാമാരി വിതച്ച സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ജോലി നഷ്ട്ടപെട്ട സ്വകാര്യ സ്കൂൾ ജീവനക്കാരൻ തിരുവനന്തപുരത്ത് ജീവനൊടുക്കി. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് മനം നൊന്ത് സ്വകാര്യ സ്കൂൾ ജീവനക്കാരൻ ഓട്ടോറിക്ഷയ്ക്കുള്ളിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ ആയിരുന്ന മരതൂർ സ്വദേശി ശ്രീകുമാറാണ് മരണപ്പെട്ടത്.
ഓട്ടോയിൽ തീകത്തുന്നത് കണ്ടു നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേനയെത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.കരിയത്തെ സ്വകാര്യ സ്കൂളിൽ വർഷങ്ങളായി ജോലി ചെയ്യുകയായിരുന്ന ശ്രീകുമാറിന്, കോവിഡിനെത്തുടർന്ന് അറുപതോളംപേരെ സ്കൂൾ അധികൃതർ പിരിച്ചുവിട്ടതിനൊപ്പം ജോലി നഷ്ടപ്പെടുകയായിരുന്നു. ജീവനക്കാർ സമരം നടത്തിയതിനെത്തുടർന്ന് തിരിച്ചെടുക്കാമെന്ന് സ്കൂൾ അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും അത് ഉണ്ടായില്ല.
സ്കൂൾ തുറന്നത്തോടെ ജോലിക്കായി എത്തിയ ശ്രീകുമാർ ജോലി ഇല്ലാതായതിൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. തുടർന്നാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ശ്രീകുമാറിന്റെ ഭാര്യ ഇതേ സ്കൂളിൽ ആയയായി ജോലി നോക്കി വരുകയാണ്. രണ്ടു പെൺകുട്ടികളുണ്ട്.