കിണറ്റിലേക്ക് വീണ കുരുന്നുകള്‍ക്ക് പുതുജീവന്‍
കോട്ടയം: കോട്ടയം പനമറ്റമത്ത് കിണറില്‍ വീണ രണ്ടു കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. പനമറ്റം ഇലവനാല്‍ മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിന്നും പുറത്തേക്കെടുത്ത കാര്‍ നിയന്ത്രണം വിട്ട് കിണറിന്റെ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കിണര്‍ മൂടിയിരുന്ന ഇരുമ്പ് കമ്പിയില്‍ ഇരുന്ന രണ്ട് കുട്ടികള്‍ കിണറ്റിലേക്ക് വീണു.
എട്ടടിയോളം വെള്ളമുള്ള കിണറ്റിലേക്കാണ് കുട്ടികള്‍ വീണത്. ബഷീറിന്റെ മകള്‍ ഷിഫാന(14), ബഷീറിന്റെ സഹോദരന്‍ സത്താറിന്റെ മകള്‍ മുഫസിന്‍ (നാലര വയസ്സ്) എന്നിവരാണ് കിണറ്റില്‍ വീണത്. കൃത്യ സമയത്ത് നടത്തിയ ഇടപെടലിലൂടെ കുട്ടികളെ രക്ഷപ്പെടുത്തി.
കിണറ്റില്‍ കുട്ടികള്‍ വീണതിന് തൊട്ടുപിന്നാലെ മുഹമ്മദിന്റെ പിതൃസഹോദരന്‍ സക്കീര്‍ മൗലവി കിണറ്റിലേക്ക് ഇറങ്ങുകയും.തുടര്‍ന്ന നടത്തിയ പരിശ്രമത്തിലൂടെ കുട്ടികളെ രക്ഷിക്കുകയായിരുന്നു. നാട്ടുകാരും അഗ്‌നിശമന സേനയും സംഭവസ്ഥലത്തെത്തുന്നതു വരെ സക്കീര്‍ മൗലവി കിണറ്റില്‍ കുട്ടികളെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കയറില്‍ കസേര കെട്ടിയിറക്കിയാണു ഷിഫാനയെ കിണറ്റില്‍ നിന്നും കയറ്റിയത്. പിന്നീട് സക്കീര്‍ മൗലവിയേയും മുഫസിനേയും പുറത്തെടുക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളിയില്‍ നിന്നെത്തിയ അഗ്‌നിശമന സോനയുടെയും നാട്ടുകാരുടെയും പരിശ്രമത്തിലൂടെയാണ് കുട്ടികളെ പുറത്തെടുത്ത്. തലനാരിഴയ്ക്ക് കുട്ടികള്‍ ആപത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം.