തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ഹാരം, പൂച്ചെണ്ട്, നോട്ടുമാലക്കും, ജാഥ, ആൾക്കൂട്ടം, കലാശക്കൊട്ടിനും വിലക്ക്.

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കിടെ സ്ഥാനാർഥികൾക്കു ഹാരം, പൂച്ചെണ്ട്, നോട്ടുമാല, ഷാൾ തുടങ്ങിയവ നൽകിയുള്ള സ്വീകരണ പരിപാടി ഒഴിവാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശം. ജാഥ, ആൾക്കൂട്ടം, കലാശക്കൊട്ട് എന്നിവയും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ തയാറാക്കിയ മാർഗനിർദേശങ്ങളുടെ കരടിലാണ് ഇക്കാര്യങ്ങൾ. പ്രചാരണത്തിനു നോട്ടിസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി സമൂഹമാധ്യമങ്ങൾ പരമാവധി പ്രയോജനപ്പെടുത്താം. ഭവന സന്ദർശനത്തിന് ഒരു സമയം സ്ഥാനാർഥികൾ ഉൾപ്പെടെ പരമാവധി 5 പേർ മതി. വീട്ടിനുള്ളിൽ പ്രവേശിക്കരുത്. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്കു പരമാവധി 3 വാഹനങ്ങൾ ആകാം.
ഏതെങ്കിലും സ്ഥാനാർഥി കോവിഡ് പോസിറ്റീവ് ആവുകയോ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന ക്വാറന്റീനിൽ പ്രവേശിക്കുകയോ ചെയ്താൽ ഉടൻ പ്രചാരണ രംഗത്തു നിന്നു മാറിനിൽക്കണം. ജനസമ്പർക്കം ഒഴിവാക്കണം. പരിശോധനാ ഫലം നെഗറ്റീവായ ശേഷം ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം തുടർപ്രവർത്തനം നടത്താം. പ്രചാരണത്തിൽ പങ്കെടുക്കുന്നവർ മാസ്ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണം.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവ സംബന്ധിച്ചു വരണാധികാരി യോഗങ്ങൾ വിളിക്കുമ്പോൾ 30 പേരിൽ കൂടരുത്. തിരഞ്ഞെടുപ്പു യന്ത്രങ്ങളുടെ പരിശോധന നടത്തുമ്പോഴും 30 പേരെയാണ് അനുവദിക്കുക.
രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല യോഗം കലക്ടർമാർ വിളിച്ചു ചേർക്കുമ്പോൾ ഒരു പാർട്ടിക്കു ഒരു പ്രതിനിധി എന്ന നിലയിൽ പരമാവധി 40 പേർക്കു പങ്കെടുക്കാം. സ്ഥലസൗകര്യമുള്ളതും വായുസഞ്ചാരമുള്ളതുമായ മുറികൾ ക്രമീകരിക്കണം. ഹാളിനുള്ളിൽ 2 മീറ്റർ അകലത്തിൽ സീറ്റുകൾ ക്രമീകരിക്കണമെന്നും മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്തു നിർദേശങ്ങൾ അന്തിമമാക്കും.
സ്ഥാനാർഥി കോവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആണെങ്കിൽ നാമനിർദേശ പത്രിക അദ്ദേഹം നിർദേശിക്കുന്നയാൾ മുഖേന സമർപ്പിക്കാം. ആവശ്യമെങ്കിൽ പത്രിക സമർപ്പിക്കുന്നതിനു മുൻകൂർ സമയം അനുവദിക്കുന്നതാണ്.
നാമനിർദേശ പത്രിക സമർപ്പിക്കാൻ വരുമ്പോൾ ഒരു വാഹനം മാത്രമാണ് അനുവദനീയം. വരണാധികാരി കയ്യുറയ്ക്കു പുറമേ ഫെയ്സ് ഷീൽഡും ധരിക്കണം. ഓരോ പത്രികയും സ്വീകരിച്ച ശേഷം സാനിറ്റൈസർ ഉപയോഗിക്കണം. പത്രിക സമർപ്പിക്കാൻ വരുന്ന മറ്റുള്ളവർക്കു വേറെ കാത്തിരിപ്പു സ്ഥലമൊരുക്കുകയും വേണം.