കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും മാറണം; പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്കി വിവിധ രാജ്യങ്ങള്‍
കാബൂള്‍: കാബൂള്‍ വിമാനത്താവളത്തില്‍നിന്നും മാറണമെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്കി അമേരിക്കയും ബ്രിട്ടനും. സുരക്ഷാ ഭീഷണിയുണ്ടെന്നാണ് യുഎസും യുകെയും തങ്ങളുടെ പൗരന്മാര്ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇവര്‍ പൗരന്‍മാരോട് നിര്‍ദേശിച്ചു. ഐ.എസ് ചാവേര്‍ ബോംബ് സ്ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്നാണ് യു.കെയുടെ മുന്നറിയിപ്പ്. പൗരന്‍മാരോട് കാബൂള്‍ വിമാനത്താവളത്തിന്‍റെ സമീപത്തേക്ക് പോകരുതെന്ന് യു.എസും അറിയിച്ചു.
അതേസമയം അഫ്ഗാനില്‍ നിന്നും പുറത്ത് കടക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് കാബൂള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നത്. താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതിന് ശേഷം യു.എസ് മാത്രം ഏകദേശം 90,000 പേരെ സുരക്ഷാ വിമാനങ്ങളില്‍ പുറത്തെത്തിച്ചിട്ടുണ്ട്.