Kerala NewsLatest NewsNewsPolitics

മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുവെന്ന പ്രചാരണം തെറ്റ്; ചിലര്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് എംഎ ബേബി

തിരുവനന്തപുരം : മത ന്യൂനപക്ഷങ്ങള്‍ തുല്യമായി നല്‍കേണ്ട സ്‌കോഷര്‍ഷിപ്പ് മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ ലഭിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇതിന്റെ പേരില്‍ കേരള സമൂഹത്തില്‍ ചിലര്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിക്കുന്നു. ഇവര്‍ പൊതു തത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരാണെന്നും എം.എ ബേബി പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്‍റെ പേരില്‍ കേരളസമൂഹത്തില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണം. ഇന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്ക അവസ്ഥ പരിഹരിക്കാനുള്ള രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കാന്‍ ഉള്ള നിര്‍ദേശങ്ങള്‍ വയ്ക്കാന്‍ ആണ് പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഉള്ള ശുപാര്‍ശകള്‍ ആണ് ഈ സമിതി വച്ചത്. അത് നടപ്പിലാക്കപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ഇരുപത് ശതമാനം ക്രിസ്ത്യാനികള്‍ക്ക് കൂടെ നല്കുകയാണ് ഉണ്ടായത്. അതിന്‍റെ പേരില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്‌കോളര്‍ഷിപ്പ് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ നല്കുന്നു എന്ന് പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് എംഎ ബേബി വ്യക്തമാക്കി.

കേരളത്തില്‍ മുന്നോക്ക-പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ട്. അതില്‍ ഒരു സ്‌കോളര്‍ഷിപ്പിന്‍റെ പേരില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ സമൂഹത്തിന്റെ പൊതുതാല്പര്യത്തിന് എതിര് നില്ക്കുന്നവരാണ്.കേരളത്തിലെ എല്‍ ഡി എഫ് ഗവണ്മന്റ് , ഇപ്പോഴത്തെ ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ക്ക് സമുചിതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button