keralaKerala NewsLatest News

സ്വർണ്ണപ്പാളി വിവാദത്തിൽ നിയമസഭയിൽ ഇന്നും പ്രതിഷേധം; ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ്

സ്വർണ്ണപ്പാളി വിവാദത്തെ തുടർന്ന് നിയമസഭയിൽ ഇന്ന് ശക്തമായ പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തര വേളയിൽ പ്രതിപക്ഷം പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി. “രാജിവെക്കൂ, പുറത്തുപോകൂ” എന്ന മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ ഭരണപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തി. പ്രതിപക്ഷം ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുന്നുവെന്ന് ഭരണപക്ഷം ആരോപിച്ചു.

ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. സ്വർണപൂശിയ യഥാർത്ഥ ദ്വാരപാലക ശിൽപം ഉയർന്ന നിരക്കിൽ വിൽപ്പന നടത്തിയതായി കോടതി വ്യക്തമാക്കിയതായും, ലക്ഷക്കണക്കിന് ഭക്തരെ വഞ്ചിച്ച സംഭവമാണിതെന്നും അദ്ദേഹം വിമർശിച്ചു. അതിനാൽ ദേവസ്വം മന്ത്രി രാജിവെക്കണമെന്നും, ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

അതേസമയം, ഏതു അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നതായും ഹൈക്കോടതി വിധിയെ മാനിക്കാൻ പ്രതിപക്ഷം തയ്യാറല്ലെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടതായി മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. തുടർച്ചയായ തിരിച്ചടികളാണ് പ്രതിപക്ഷത്തിന്റെ ഭീരുത്വത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. “കോടതിയെ ഭയമാണ്, നിയമസഭയെ ഭയമാണ്, ചർച്ചയെ ഭയമാണ് — ഇതാണ് പ്രതിപക്ഷത്തിന്റെ യാഥാർത്ഥ്യം,” എന്നും എം.ബി. രാജേഷ് വിമർശിച്ചു.

സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട ചോദ്യോത്തര വേള തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് കെ.എം. സച്ചിൻ ദേവ് എം.എൽ.എ അഭിപ്രായപ്പെട്ടു. പ്രധാന വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യുമ്പോൾ പ്രതിപക്ഷം കാണിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനം ജനങ്ങൾ കാണുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച് കെ.കെ. ശൈലജയും പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി.

Tag: Protests continue in the Assembly over the gold coin controversy; Opposition leader demands resignation of Devaswom Minister

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button