വനപാലകര്‍ക്ക് നേരെ വേട്ടനായ്ക്കളെ തുറന്ന് വിട്ട് മൃഗവേട്ട സംഘം രക്ഷപെട്ടു, കുരച്ചുകൊണ്ട് പാഞ്ഞടുത്ത നായ്ക്കളിൽ നിന്നും ഉദ്യോഗസ്ഥര്‍ തലനാരിഴക്ക് രക്ഷപെട്ടു.

കോഴിക്കോട് / മൃഗവേട്ടക്കാരെ പിടികൂടാനായെത്തിയ വനപാലകര്‍ക്കു നേരെ വേട്ടനായ്ക്കളെ തുറന്നു വിട്ട് നായാട്ടുസംഘം രക്ഷപ്പെട്ടു. കോഴിക്കോട് ജില്ലയിലെ താമരശേരി വനം റേഞ്ച് പരിധിയിൽ പെട്ട കൂടരഞ്ഞി പൂവാറംതോട് തമ്പുരാന്‍കൊല്ലിയില്‍ ആണ് സംഭവം. തങ്ങളുടെ നേർക്ക് കുതിച്ചു പാഞ്ഞെത്തിയ വേട്ടനായ്ക്കളിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ തലനാരിഴക്കാണ് രക്ഷപെട്ടത്. ഉദ്യോഗസ്ഥര്‍ക്കു നേരെ നായ്ക്കളെ വിട്ടശേഷം ആറംഗ നായാട്ടുസംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ചുവരുകൾ ചാടിക്കടന്ന് ഏറെ പണിപ്പെട്ടാണ് നായ്ക്കളില്‍ നിന്നു വനപാലകര്‍ രക്ഷപ്പെ ടുന്നത്.
സംഭവത്തെ തുടർന്ന് പോലീസിന്റെ സഹായത്തോടെ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ അമ്പതുകിലോയോളം വരുന്ന കാട്ടുപോത്തിന്റെ ഉണക്കിയ ഇറച്ചി, രണ്ട് നാടന്‍തോക്കുകള്‍, പതിനെട്ട് തിരകള്‍, മൂന്നു ചാക്കുകളിലാക്കി വെച്ചിരുന്ന വെടിമരുന്ന്, ഈയക്കട്ടകള്‍, വെട്ടുകത്തികള്‍, മഴു, വടിവാള്‍, ഹെഡ്‌ലൈറ്റ് തുടങ്ങിയവ കണ്ടെടുക്കുകയായിരുന്നു. കക്ക്യാനിയില്‍ ജില്‍സണ്‍, പൂവാറംതോട് കയ്യാലയ്ക്കകത്ത് വിനോജ്, പെരുമ്പൂളയില്‍ ബേബി, ജയ്‌സണ്‍, വിജേഷ് എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളുമാണ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ വേട്ടനായ്ക്കളെ ചുമതലപെടുത്തി രക്ഷപെട്ടത്.

മൃഗവേട്ടക്കാരായ ആറ് പേരുടെ പേരിൽ കേസെടുത്ത വനംവകുപ്പ് കക്ക്യാനിയില്‍ ജില്‍സന്റെ പന്നിഫാമിനോട് ചേര്‍ന്ന കെട്ടിടത്തില്‍ നിന്നുമാണ് ഇറച്ചിയും വെടിക്കോപ്പുകളും മറ്റും കണ്ടെടുക്കുന്നത്. അവിടെ നിര്‍ത്തിയിട്ടിരുന്ന ജീപ്പും വനം വകുപ്പ്ക സ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃഷിയിടത്തില്‍ ആനയിറങ്ങിയതുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കാനിറങ്ങിയപ്പോഴാണ് മൃഗവേട്ടയെ സംബന്ധിച്ചു വനം വകുപ്പിന് നാട്ടുകാരിൽ നിന്നും വിവരങ്ങൾ അറിയാൻ കഴിഞ്ഞത്. തുടർന്നാണ് ഉദ്യോഗസ്ഥർ കക്ക്യാനിയില്‍ ജില്‍സന്റെ പന്നിഫാമിനോട് ചേര്‍ന്ന കെട്ടിടത്തില്‍ പരിശോധനക്ക് എത്തുന്നത്.
പരിശോധനക്കിടയിൽ ആദ്യം തന്നെ അവിടെ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്നും കാട്ടുപോത്തിന്റെ കൊമ്പ് ലഭിക്കുകയായിരുന്നു. സംഘാംഗങ്ങള്‍ അവിടെ ഉണ്ടെന്നറിഞ്ഞു കെട്ടിടത്തഗിനുള്ളിൽ പരിശോധനക്ക് ശ്രമിക്കുന്നതിനിടെയാണ് ജില്‍സന്റെ നേതൃത്വത്തില്‍ മൂന്ന് നായ്ക്കളെ കൂട് തുറന്നുവിടുന്നത്. കുരച്ചുകൊണ്ട് പാഞ്ഞടുത്ത നായ്ക്കളിൽ നിന്നു രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥര്‍ പന്നിഫാമിന്റെ താത്കാലിക ഭിത്തി പ്രാണ രക്ഷാര്ഥം ചാടിക്കടക്കുകയാണ് ഉണ്ടായത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. താമരശേരി റേഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ. സജീവ് കുമാര്‍, ബി കെ പ്രവീണ്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി വി വിജയന്‍, ശ്വേത പ്രസാദ്, പ്രസൂദ, വാച്ചര്‍മാരായ മോഹനന്‍, രാജു രവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്താൻ എത്തിയിരുന്നത്.