തന്റെ രോഗവിവരം മറയ്ക്കാതെ പങ്കുവച്ച് കോടിയേരി; പ്രശംസിച്ച് ശശി തരൂര്‍

തിരുവനന്തപുരം: തന്റെ രോഗവിവരം മറച്ചുവയ്ക്കാതെ കാന്‍സര്‍ ചികിത്സയ്ക്കാണ് താന്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘ഞാന്‍ കാന്‍സര്‍ രോഗിയാണ്. രണ്ട് വര്‍ഷമായി ചികിത്സ തുടരുന്നു. രോഗവിവരം വെളിപ്പെടുത്തുന്നതില്‍ ഞാന്‍ മടികാണിച്ചിട്ടില്ല’- മണിക്കൂറുകള്‍ക്ക് മുന്‍പ് കീമോതെറാപ്പി നടത്തിയശേഷം ട്രിവാന്‍ഡ്രം ഓങ്കോളജി ക്ലബിന്റെ പത്താം വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിച്ചു.
‘കാന്‍സര്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞാല്‍ ചികിത്സിക്കണം. രണ്ട് വര്‍ഷം മുന്‍പ് പ്രമേഹ പരിശോധനയുടെ ഭാഗമായി രക്തം പരിശോധിച്ചിരുന്നു. രക്തപരിശോധനയില്‍ കാന്‍സര്‍ വരെ കണ്ടുപിടിക്കാമെന്നു ഡോക്ടര്‍ അവകാശപ്പെട്ടപ്പോള്‍ അങ്ങനെയാകട്ടെ എന്നു പറഞ്ഞു.
പരിശോധനയുടെ ഫലം വന്നപ്പോള്‍ ഡോക്ടര്‍ക്ക് സംശയം. പക്ഷേ തുറന്നു പറഞ്ഞില്ല. ഒരിക്കല്‍ കൂടി വിശദ പരിശോധന നടത്തണമെന്നായി. സ്‌കാന്‍ ചെയ്തപ്പോഴാണ് പാന്‍ക്രിയാസിനെ രോഗം ബാധിച്ചിട്ടുണ്ടെന്ന് മനസിലായത്. ഒരു ഭാഗം നീക്കം ചെയ്ത പാന്‍ക്രിയാസുമായാണു താന്‍ ജീവിക്കുന്നത്. ശസ്ത്രക്രിയയിലൂടെ രോഗത്തിനു വലിയ മാറ്റമുണ്ടായി’ കോടിയേരി പറഞ്ഞു.
കാന്‍സര്‍ രോഗ ചികിത്സാസൗകര്യം സംസ്ഥാനത്ത് ഇപ്പോഴും അപര്യാപ്തമാണ്. കീമോതെറപ്പി നടത്താനുള്‍പ്പെടെ ക്യൂ നില്‍ക്കേണ്ട അവസ്ഥയുണ്ട്. സൗജന്യ ചികിത്സ നല്‍കുകയോ ചികിത്സ ചിലവ് പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോടിയേരി യോദ്ധാവാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ശശി തരൂര്‍ എംപി പറഞ്ഞു. കീമോതെറപ്പി കഴിഞ്ഞ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത് ഇതിന് തെളിവാണെന്നും തരൂര്‍ പറഞ്ഞു. ഈ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കോടിയേരി ഭാര്യ വിനോദിനിയുമൊത്താണ് എത്തിയത്.