DeathKerala NewsLatest NewsLocal NewsNews

പിഎസ്‌സി ചെയർമാനെ നീക്കണം, പ്രതിപക്ഷം നിയമനടപടിയിലേക്ക്

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 75ാം റാങ്ക് ജേതാവായിരുന്ന അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ പി എസ് സി ക്കും, സർക്കാരിനുമെതിരെ സംസ്ഥാനത്തെങ്ങും ഞായറാഴ്ച ഉത്രാടം നാളിൽ വ്യാപകമായ പ്രതിഷേധം ആണ് ഉണ്ടായത്. ഒരു വശത്ത് തൊഴിൽ രഹിതരായ യുവജനങ്ങൾ നാടെങ്ങും പ്രതിഷേധിക്കുമ്പോൾ, പ്രത്യേക പത്രസമ്മേളനത്തിനായി മാധ്യമ പ്രതിനിധികളെ വിളിച്ചു വരുത്തിയ മുഖ്യമന്ത്രി ചോദ്യങ്ങൾ ഒന്നും ചോദിക്കാനനുവദിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ‘ഇതൊരു പ്രത്യേക വാര്‍ത്താ സമ്മേളനമാണ് ഇന്ന് നമ്മള്‍ ഇതിന്റെ ഭാഗമായി പ്രത്യേക ചോദ്യോത്തരങ്ങളൊന്നും ഉദ്ദേശിക്കുന്നില്ല. ഇവിടെ അവസാനിപ്പിക്കുകയാണ്. മറ്റുകാര്യങ്ങള്‍ നമുക്ക് പിന്നീടാകാം’ എന്നായിരുന്നു മുഖ്യമന്ത്രി പത്രലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞൊഴിഞ്ഞത്.

പിഎസ്‌സി ചെയർമാൻ എം.കെ. സക്കീറിന്റെ മലപ്പുറം പെരുമ്പടപ്പിലെ വസതിയിലേക്ക് വിവിധ യുവസംഘനടകൾ ആണ് ഞായറാഴ്ച പ്രതിഷേധ മാർച്ച് നടത്തിയത്. വീടിന് 100 മീറ്റർ അകലെ പ്രകടനം തടഞ്ഞതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. എംഎസ്എഫ് പ്രവർത്തകർ പി എസ് സി ചെയർമാന്റെ കോലം കത്തിച്ചു. എംഎസ്എഫ്, യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രത്യേകം പ്രത്യേകം ചെയർമാന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. കൊല്ലത്ത് കമ്മിഷണര്‍ ഓഫിസിലേക്ക് യൂത്ത്കോണ്‍ഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചതിൽ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് പരുക്കേൽക്കുകയുണ്ടായി. പിന്നീട് ദേശീയപാത ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുൻപിലും വിവിധ പ്രതിപക്ഷ സംഘടനകൾ പ്രതിഷേധ പ്രകടങ്ങൾ നടത്തി. പ്രതിഷേധത്തിനിടെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചതിൽ നിരവധിപേർക്ക് പരുക്കേറ്റു. ഇതിനിടെ സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകയറിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കേണ്ടി വന്നു.

പിഎസ്‌സി നിയമനം ലഭിക്കാത്ത വിഷമത്തിൽ യുവാവ് മരണപ്പെട്ട സംഭവം ആത്മഹത്യയല്ല കൊലപാതകമാണെന്നും പിഎസ്‌സി ചെയർമാനെന്റെ പേരിൽ പ്രേരണാക്കുറ്റത്തിനു കേസെടുക്കണമെന്നും എം.കെ.മുനീർ എംഎൽഎ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. സമരം ചെയ്താൽ പിഎസ്‌സി ലിസ്റ്റിൽനിന്ന് പോവുമെന്നാണ് ചെയർമാൻ ഭീഷണിപ്പെടുത്തിയത്. ഇത്തരമൊരു ദയനീയമായ സാഹചര്യമുണ്ടാക്കിയതിൽ സർക്കാരിനും പിഎസ്‌സിക്കുമുള്ള പങ്ക് അന്വേഷണ വിധേയമാക്കണം. മുനീർ പറഞ്ഞു.
യുവാക്കളെ റാങ്ക് ലിസ്റ്റിൽപെടുത്തി ഇന്നോ നാളെയോ ജോലി ലഭിക്കുമെന്ന പ്രതീക്ഷ നൽകി ക്രൂരത കാണിക്കുകയായിരുന്നു. തനിക്കുസമരം ചെയ്യാൻപോലും കഴിയില്ലെന്ന ദുഃഖകരമായ അവസ്ഥയിലേക്കെത്തിയപ്പോഴാണ് ആ യുവാവ് ആത്മഹത്യ ചെയ്തത്. കുടുംബങ്ങളുടെ അത്താണിയാവേണ്ട യുവാക്കളെ കുരുതി കൊടുക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയർ‍ത്തും. പിഎസ്‌സി ചെയർമാന്റെ രണ്ടു പ്രസ്താവനകളാണ് ദുരന്തത്തിനു കാരണം. ആത്മഹത്യക്കു പ്രേരണ നൽകിയ കുറ്റത്തിന് പിഎസ്‌സി ചെയർമാനെതിരെ കേസെടുക്കണം. മുനീർ ആവശ്യപ്പെട്ടു.
യുവാക്കളോട് ‘ബക്കറ്റിൽ ജോലി എടുത്തുവെച്ചിട്ടില്ല’ എന്നാണ് പിഎസ്‌സിചെയർമാൻ പറഞ്ഞത്. ഈ ജോലി പിഎസ്‌സി ചെയർമാന്റെ തറവാട്ടിൽനിന്നു കൊടുക്കുന്നതല്ല. പിഎസ്‌സി ചെയർമാനല്ല കേരളം ഭരിക്കുന്നത്. തനിക്കെതിരെ സമരം ചെയ്യുന്ന യുവാക്കളോട് പ്രതികാരം ചെയ്യുമെന്ന് ചെയർമാൻ പറയുന്നത് ജനാധിപത്യവ്യവസ്ഥയ്ക്ക് എതിരാണ്. പിഎസ്‌സി ചെയർമാനെ വിചാരണ ചെയ്യുകയും ആ സ്ഥാനത്തുനിന്ന് നീക്കുകയും വേണം. ഇല്ലെങ്കിൽ പിഎസ്‌സി ചെയർമാനെതിരെ പ്രതിപക്ഷം നിയമനടപടിയിലേക്ക് കടക്കുമെന്നും മുനീർ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button