പി.എസ്.സി പരീക്ഷ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പി.എസ്.സി പരീക്ഷ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പരീക്ഷ ഹാളിൽ വാച്ച് അനുവദിക്കാത്ത പശ്ചാത്തലത്തിൽ സമയം അറിയുന്നതിനായി പകരം സംവിധാനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നടപടി സ്വീകരിച്ച ശേഷം ആറാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പി.എസ്.സി സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മനുഷ്യാവകാശ കമ്മീഷൻ പി.എസ്.സി സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. സമയം അറിയിക്കുന്നതിനായി ഓരോ അര മണിക്കൂറിലും മണി അടിക്കാറുണ്ടെന്ന് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മണി മുഴക്കുന്നത് പരീക്ഷാർത്ഥികൾ ശ്രദ്ധിക്കാറില്ലെന്ന് പരാതിക്കാരൻ അറിയിച്ചു. സമയം ഓർമ്മിപ്പിക്കാൻ നിരീക്ഷകർ മറന്നു പോകാറുണ്ടെന്നും പരാതിയിൽ പറയുന്നു.
ക്രമക്കേടുകൾ കൂടാതെ സുതാര്യതയോടെയും ചിട്ടയോടെയും പരീക്ഷ നടത്തുന്നതിന് നിയന്ത്രണങ്ങളും നിബന്ധനകളും നടപ്പിൽ വരുത്താനുള്ള അധികാരം പി.എസ്.സിയിൽ നിക്ഷിപ്തമാണെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി. എങ്കിലും സമയം ക്രമീകരിച്ച് ഉത്തരങ്ങൾ എഴുതേണ്ടത് ഉദ്യോഗാർത്ഥികളെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണെന്ന് കമ്മീഷൻ കൂട്ടിച്ചേർത്തു. ഉദ്യോഗാർത്ഥികൾക്ക് സമയം മനസ്സിലാക്കാനായി ക്ലോക്ക് സ്ഥാപിക്കുന്നത് പ്രയോജനകരമാണെന്നും കമ്മീഷൻ.