ചെമ്പോല തിട്ടൂരത്തിന് അടിയന്തര നോട്ടീസ് നല്‍കി പി.ടി. തോമസ്
തിരുവനന്തപുരം: മോന്‍സണിന്റെ വ്യാജ ചെമ്പോല തിട്ടൂരം ദുരുപയോഗിച്ചതിനെക്കുറിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പി.ടി. തോമസ് എംഎല്‍എ. മോന്‍സണിന്റെ കൈയിലെ വ്യാജ ചെമ്പോല തിട്ടൂരം ഉപയോഗിച്ച് സര്‍ക്കാരും ദേശാഭിമാനിയും കൈരളിയും ശബരിമല വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
മോന്‍സണ്‍ മാവുങ്കലിനെ മുന്‍ ഡിജിപി സഹായിച്ചതോടെ സംസ്ഥാനത്തെ നിയമവാഴ്ചയില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഇത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടു. ചെമ്പോല സര്‍ക്കാരും ദേശാഭിമാനിയും കൈരളിയും പ്രചാരണം നടത്തി വ്യാജമായി ഉപയോഗിച്ചതായി പി.ടി. തോമസ് ആരോപിച്ചു.
തട്ടിപ്പുകാരന്‍ ആണെന്ന് അറിഞ്ഞ ശേഷവും മോന്‍സന് പോലീസ് സംരക്ഷണം നല്‍കിയെന്നും പോലീസിന്റെ കൊക്കൂണ്‍ സമ്മേളനത്തില്‍ മോന്‍സനും ഇടനിലക്കാരിയും പങ്കെടുത്തുവെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ശബരിമല ചെമ്പോല വ്യാജ രേഖ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്ന കാര്യം അടിസ്ഥാന രഹിതമാണെന്നും പോലീസ് അന്വഷണ പരിധിയില്‍ നില്‍ക്കുന്ന വിഷയം ഈ ഘട്ടത്തില്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.