keralaKerala NewsLatest News

പരസ്യമായി മദ്യപിച്ച സംഭവം; ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുത്തു

പരസ്യമായി മദ്യപിച്ച സംഭവത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുത്തു. കൊടി സുനി എന്ന സുനില്‍ കുമാര്‍, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെയാണ് തലശ്ശേരി പൊലീസാണ് കേസെടുത്തത്. ഇവര്‍ക്ക് മദ്യം എത്തിച്ചുനല്‍കിയ കണ്ടാലറിയാവുന്നവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേരള അബ്കാരി നിയമത്തിലെ 15(സി), 63 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

മാഹി ഇരട്ടക്കൊലക്കേസില്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് കൊടി സുനിയും മുഹമ്മദ് ഷാഫിയും ഷിനോജും. ജൂണ്‍ പതിനേഴിന് കേസിലെ വിചാരണയുടെ ഭാഗമായി തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി മൂന്നില്‍ ഹാജരാക്കിയിരുന്നു. കോടതി നടപടികള്‍ക്ക് ശേഷം തിരികെ പോകുന്നതിനിടെ പ്രതികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കുന്നതിനായി വിക്ടോറിയ ഹോട്ടലിന് സമീപം പൊലീസ് വാഹനം നിര്‍ത്തി. ഇതിനിടെയാണ് പ്രതികള്‍ മദ്യപിച്ചത്. കാറിലെത്തിയ സംഘമാണ് മദ്യം എത്തിച്ചുനല്‍കിയത്. സംഭവം വിവാദമായതോടെ വകുപ്പുതല അന്വേഷണം നടക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ജില്ലാ പൊലീസ് ആസ്ഥാനത്തെ പൊലീസുകാരായ ജിഷ്ണു, വൈശാഖ്, വിനീഷ് എന്നിവര്‍ക്കെതിരെയായിരുന്നു നടപടി.

സംഭവം വാര്‍ത്തയായതോടെ കൊടി സുനിയും സംഘവും പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതില്‍ മദ്യം എത്തിച്ചുനല്‍കിയ വാഹനത്തിന്റെ നമ്പര്‍ വ്യക്തമായിരുന്നു. എന്നാല്‍ കാര്യമായ നടപടിയുണ്ടായില്ല. ഗുരുതരമായ വീഴ്ചയില്‍ നടപടി സസ്‌പെന്‍ഷനില്‍ ഒതുങ്ങിയെന്നുള്ള ആരോപണം ഉയര്‍ന്നു. ഇതോടെ പ്രതികളുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി. കഴിഞ്ഞ ദിവസം വിചാരണയുടെ ഭാഗമായി പ്രതികളെ കോടതിയില്‍ ഹാജരാക്കിയത് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു. സംഭവം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെയാണ് കേസെടുക്കുന്ന നടപടിയിലേക്ക് പൊലീസ് കടന്നത്.

2010 മെയ് 28നായിരുന്നു മാഹിയില്‍ ഇരട്ടക്കൊല നടക്കുന്നത്. രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വിജിത്ത്, ഷിനോജ് എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു ആക്രമണം. കേസില്‍ കൊടി സുനി രണ്ടാം പ്രതിയും മുഹമ്മദ് ഷാഫി രണ്ടും നാലും പ്രതികളുമാണ്. കേസില്‍ പതിനാറ് പ്രതികളാണുള്ളത്.

Tag: Public drunkenness incident; Case registered against accused in TP Chandrasekharan murder case,kodi suni

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button