keralaKerala NewsLatest News

”പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയായിരിക്കണം”; ടി.എന്‍ പ്രതാപന്‍

യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ഗൗരവമുള്ള ആരോപണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നിരിക്കുന്നത് എന്നും അത് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടവരായാലും പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയായിരിക്കണം എന്നും, വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും കളങ്കരഹിതരായിരിക്കേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, സണ്ണി ജോസഫ് എന്നിവരും ഇതേ നിലപാടാണ് എടുത്തതെന്ന് പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിലും ടി.എന്‍ പ്രതാപന്‍ രംഗത്തെത്തി. സുരേഷ് ഗോപിയുടെ വോട്ട് ചേര്‍ക്കല്‍ രേഖകള്‍ പുറത്തു വിടാതിരിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുവെന്നാണ് പ്രതാപന്റെ ആരോപണം. തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ അറുപതിനായിരത്തിലധികം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ ഇതിനായി വിവരാവകാശ അപേക്ഷ നല്‍കിയെങ്കിലും, കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൗതിക സ്വത്താണെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയതായി പ്രതാപന്‍ ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സുരേഷ് ഗോപി വോട്ട് തൃശൂരിലേക്ക് മാറ്റിച്ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ആരോപിച്ച്, നേരത്തെ തന്നെ പ്രതാപന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായിട്ടും വ്യാജ സത്യപ്രസ്താവന നല്‍കി, തൃശൂര്‍ നിയമസഭാ മണ്ഡലത്തിലെ 115-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചേര്‍ത്തുവെന്നതാണ് ആരോപണം. ജനപ്രാതിനിധ്യ നിയമപ്രകാരം സ്ഥിരതാമസക്കാരായവര്‍ക്കേ അതാത് ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ കഴിയൂ എന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി.

Tag: Public servants should be role models for the society”; T.N. Prathapan

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button